ഭോപ്പാൽ: ഗുനയിൽ ദലിത് ദമ്പതികളെ മർദ്ദിച്ച കേസിൽ ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. രണ്ട് വനിതാ പൊലീസുകാർ ഉൾപ്പെടെ ആറ് പേരെ സസ്‌പെന്‍ഡ് ചെയ്യാന്‍ എസ്‌പി തരുൺ നായക് ഉത്തരവിറക്കി. സംഭവത്തിൽ ജില്ലാ പൊലീസ് സൂപ്രണ്ട് (ഗ്വാളിയർ റേഞ്ച്), ഇൻസ്‌പെക്ടര്‍ ജനറൽ (ഐജി), ജില്ലാ കലക്ടർ എന്നിവരെ നേരത്തെ പുറത്താക്കിയിരുന്നു.
അശോക് സിങ്ങ് കുശ്വാഹ, രാജേന്ദ്ര ശർമ്മ, പവൻ യാദവ്, നരേന്ദ്ര റാവത്ത്, നീതു യാദവ്, റാണി രഘുവാൻഷി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. മധ്യപ്രദേശിലെ 25 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഗുന ടൗണിലെ സംഭവം.
സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര അറിയിച്ചു. കുടിയൊഴിപ്പിക്കലിനെ ചെറുക്കുകയും കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്ത രാജകുമാർ അഹിർവാർ (38), ഭാര്യ സാവിത്രി (35) എന്നിവര്‍ക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ പൊലീസ് ഇയാളെ ബാറ്റൺ ഉപയോഗിച്ച് കഠിനമായി മർദ്ദിക്കുന്നതായി കാണാം. ബലപ്രയോഗം നടത്തിയതിനെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും സംഭവത്തിലെ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.