ചെന്നൈ: നിവാർ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ വ്യാഴാഴ്‌ച സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈ, വെല്ലൂർ, കടലൂർ, വില്ലുപുരം, നാഗപട്ടണം, തിരുവാരൂർ, ചെംഗൽപേട്ട്, കാഞ്ചീപുരം ഉൾപ്പെടെ 13 ജില്ലകളിലാണ് സുരക്ഷ മുൻനിർത്തി അവധി നൽകിയത്. നിവാർ അതിരൂക്ഷമായ ചുഴലിക്കാറ്റായി വ്യാഴാഴ്‌ച പുലർച്ചെ തീരം അടുക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. തമിഴ്‌നാടിനും പുതുച്ചേരിയ്ക്കുമിടയിൽ നിവാർ കരതൊടുമെന്നാണ് വിവരം. ബുധനാഴ്‌ച അർധരാത്രിക്കും വ്യാഴാഴ്‌ച പുലർച്ചെക്കുമിടയിൽ ചുഴലിക്കാറ്റ് കാരൈക്കൽ - മാമല്ലപുരം മേഖല മറികടക്കുമെന്നാണ് സൂചന.
കടലൂരിൽ നിന്ന് 320 കിലോമീറ്റർ തെക്കുകിഴക്കും, പുതുച്ചേരിയിൽ നിന്ന് 350 കിലോമീറ്റർ തെക്കുകിഴക്കും, ചെന്നൈയിൽ നിന്ന് 410 കിലോമീറ്റർ തെക്കുകിഴക്കായും നീങ്ങിയിട്ടുണ്ട്. അടുത്ത ആറ് മണിക്കൂർ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങും. 120-130 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത. നിവാർ ചുഴലിക്കാറ്റ് കണക്കിലെടുത്ത് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ദേശീയ ദുരന്തനിവാരണ മാനേജ്‌മെന്‍റ് കമ്മിറ്റി യോഗത്തിൽ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരുമായും ചർച്ച നടത്തി. പ്രതിസന്ധി മറികടക്കാനാവശ്യമായ എല്ലാ സഹായങ്ങളും ഗൗബ ഉറപ്പ് നൽകി. ജീവൻ സംരക്ഷിക്കുക, നാശനഷ്‌ടങ്ങൾ കുറയ്‌ക്കുക, വൈദ്യുതി, ടെലികോം, മറ്റ് പ്രധാന മേഖലകൾ എന്നിവയിൽ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ സാധാരണ നില പുനസ്ഥാപിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കു എന്നിവയാണ് ലക്ഷ്യം.
കൂടുതൽ വായിക്കാൻ: നിവാർ ചുഴലിക്കാറ്റ്; ചെമ്പരംപാക്കം തടാകം തുറന്നു