മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രഖ്യാപിച്ച 100 കോടിയുടെ ദുരിതാശ്വാസ പാക്കേജ് വളരെ തുച്ഛമാണെന്ന് ബിജെപി മുതിർന്ന നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. നിസർഗ ചുഴലിക്കാറ്റിൽ തകർന്ന മഹാരാഷ്ട്രയിലെ പ്രദേശങ്ങൾക്ക് കൂടുതൽ സാമ്പത്തിക പാക്കേജ് ആവശ്യമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ നിയന്ത്രണങ്ങളിൽ നിന്ന് മാറി സാമ്പത്തിക സഹായം നൽകുക എന്നതാണ് ഈ സമയത്തിന്‍റെ ആവശ്യം. കഴിഞ്ഞ വർഷം വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ഞങ്ങളുടെ സർക്കാർ സതാര, സാംഗ്ലി, കോലാപ്പൂർ എന്നിവിടങ്ങളിലേക്ക് 4,708 കോടിയും, നാസിക്, കൊങ്കൺ എന്നിവിടങ്ങളിലേക്ക് 2,108 കോടിയും നൽകിയെന്ന് അദ്ദേഹം പറഞ്ഞു.
വായ്‌പകളിലൂടെ സർക്കാർ ധന സമാഹരണം നടത്തണം. കൊവിഡ് ഏറ്റവും കൂടുതൽ മോശമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്‌ട്ര. സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള സർക്കാരിന്‍റെ "മിഷൻ ബിഗിൻ എഗെയ്ൻ" പദ്ധതി നല്ലതാണ്. പക്ഷേ അതിന് മുഴുവൻ യന്ത്രസാമഗ്രികളുടെയും പിന്തുണ ആവശ്യമാണ്. സ്വകാര്യ ആശുപത്രികളിൽ 80 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്ക് നീക്കിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് ഇപ്പോഴും ഒരു പ്രഖ്യാപനം മാത്രമായി തുടരുകയാണ്. മഹാ വികാസ് അഘാദിയുടെ മൂന്ന് ഘടകങ്ങളായ ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യം പരസ്‌പരം ആശയവിനിമയം നടത്താത്തതിനാൽ ഉദവ് താക്കറെ സർക്കാരിന്‍റെ പ്രവർത്തനങ്ങൾ മന്ദഗതിയിലായെന്നും ഫട്‌നാവിസ് ആരോപിച്ചു .
കേന്ദ്രത്തിന്‍റെ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചതിനെ പറ്റി ഫഡ്‌നാവിസ് മറുപടി നൽകി. പാക്കേജിനെ പറ്റി രാഹുൽഗാന്ധി പഠിച്ചിട്ടില്ല. സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനവും നേരിട്ടുള്ള പണ കൈമാറ്റവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തണം. അതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഫട്‌നാവിസ് പറഞ്ഞു.
ലോക്ക് ഡൗണിനെ വിമർശിച്ച ശിവസേനക്കും ഫഡ്‌നാവിസ് മറുപടി നൽകി. ശിവസേന ബിജെപിയുടെ ഭാഗമായിരുന്ന സമയത്തും പ്രതിപക്ഷത്തിന്‍റെ പ്രവർത്തനങ്ങളാണ് നടത്തിയിരുന്നത്. അത് ഇപ്പോഴും തുടരുന്നു. ലോക്ക് ഡൗൺ ആദ്യമായി പ്രഖ്യാപിച്ചത് മഹാരാഷ്ട്രയാണെന്നും കേന്ദ്രം അത് പിന്തുടരുകയുമാണെന്നായിരുന്നു ശിവസനയുടെ ആരോപണം. എന്നാൽ ഇപ്പോൾ ലോക്ക് ഡൗൺ ശരിയല്ലെന്ന വാദത്തിലാണ് ശിവസേനയെന്നും അദ്ദേഹം പറഞ്ഞു.