ന്യൂഡല്‍ഹി: ദേശീയ ദുരന്ത നിവാരണ സേന രൂപീകരിച്ചതിന് ശേഷം നേരിട്ടതില്‍ ഏറ്റവു വലിയ വെല്ലുവിളിയായിരുന്നു ഫാനി ചുഴലിക്കാറ്റെന്ന് സേനയുടെ ഡയറക്‌ടര്‍ ജനറല്‍ എസ്.എന്‍ പ്രധാന്‍. കേരളത്തിലെയും, ചെന്നൈയിലെയും വെള്ളപ്പൊക്കവും, മഹാലക്ഷ്‌മി എക്‌സ്‌പ്രസ് അപകടവും സമാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒഡീഷയിലും, ബംഗാളിലെ വിവിധ മേഖലകളിലും ആഞ്ഞടിച്ച ഫാനി ചുഴലിക്കാറ്റില്‍ 72 പേര്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടത്. അഞ്ഞൂറോളം പേര്‍ക്കാണ് 2018 കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്‌ടമായത്. 140 കൂടുതല്‍ ആളുകളെ കാണാതാവുകയും ചെയ്‌തിരുന്നു. 2015ല്‍ കനത്ത മഴയെത്തുടര്‍ന്ന് വെള്ളം പൊങ്ങിയ ചെന്നൈ നഗര മേഖലയില്‍ 400 ല്‍ അധികം ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. ആന്ധ്രാ പ്രദേശിന്‍റെ ചില ഭാഗങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചിരുന്നു. സമാനമായിരുന്നു ഉല്ലാസ് നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മഹാലക്ഷ്‌മി എക്‌സ്‌പ്രസ് കുടുങ്ങിക്കിടന്ന സംഭവവും. ദേശീയ ദുരന്ത നിവാരണ സേനയുടെ കൃത്യമായ ഇടപെടല്‍ മൂലം 1,050 പേരെയാണ് രക്ഷിച്ചത്.
എല്ലാ ദുരന്ത മേഖലകളിലും രാജ്യാന്തര നിലവാരത്തിലുള്ള രക്ഷാ പ്രവര്‍ത്തനമാണ് ദേശീയ ദുരന്ത നിവാരണ സേന നടത്തിയതെന്ന് ഡയറക്‌ടര്‍ ജനറല്‍ എസ്.എന്‍ പ്രധാന്‍ അഭിപ്രായപ്പെട്ടു. അതിനനുസരിച്ചുള്ള പരിശീലമാണ് സേനയിലെ അംഗങ്ങള്‍ക്ക് നല്‍കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ പതിനായിരത്തോളം നെഹറു യുവ കേന്ദ്ര അംഗങ്ങളെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് റോബോട്ടുകളടക്കമുള്ള പുത്തന്‍ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും എസ്.എന്‍ പ്രധാന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.