കൊൽക്കത്ത: ഉംപുൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ മരിച്ചവരുടെ എണ്ണം 80 ആയി. വ്യാഴാഴ്ച രാത്രിയാണ് അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. ചുഴലിക്കാറ്റിൽ നിരവധി പേർക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ വൈദ്യുതിയും മൊബൈൽ കണക്ഷനും പുനസ്ഥാപിച്ചു. എന്നാൽ ഏറ്റവും കൂടുതൽ നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും വൈദ്യുതി പുനസ്ഥാപിക്കാനായിട്ടില്ല.
ഉംപുന്‍ ചുഴലിക്കാറ്റുമൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ബംഗാളിലെത്തിയിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആയിരം കോടിയുടെ ആശ്വാസ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കാനും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രം ബംഗാള്‍ ജനതക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സഹായിക്കാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഒറ്റക്കെട്ടായി ശ്രമിക്കുമെന്നും മോദി പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങളില്‍ ആകാശ നിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി മമാതാ ബാനര്‍ജി, ബംഗാള്‍ ഗവര്‍ണര്‍ ജഗ്‌ദീപ് ധന്‍ഘര്‍ എന്നിവര്‍ക്കൊപ്പം അവലോകന യോഗത്തിലും പങ്കെടുത്തു.