ശ്രീനഗര്‍: കശ്‌മീരില്‍ മാധ്യമ ഫോട്ടോഗ്രാഫര്‍ക്കെതിരെ യുഎപിഎ ചുമത്തി സൈബര്‍ പൊലീസ്. പ്രശസ്‌ത വനിതാ മാധ്യമഫോട്ടോഗ്രാഫര്‍ മസ്രത് സെഹ്‌റക്കെതിരെയാണ് കേസ്. സമൂഹമാധ്യമങ്ങള്‍ വഴി ദേശവിരുദ്ധത ഉള്‍ക്കൊള്ളുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് സൈബര്‍ പൊലീസ് കേസെടുത്തത്. മസ്രത് സെഹ്‌റ ഫേസ്ബുക്ക് പോസ്റ്റുകള്‍ വഴി യുവാക്കളെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നുവെന്ന് സൈബര്‍ പൊലീസ് പുറത്തിറക്കിയ പ്രസ് റീലിസില്‍ പറയുന്നു. പോസ്റ്റുകളുടെ ഉള്ളടക്കം നിയമ നിര്‍വഹണ ഏജന്‍സികളുടെ പ്രതിച്ഛായയെ തകര്‍ക്കുന്നതാണെന്നും സൈബര്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു.
ശ്രീനഗറിലെ അലംഗറി ബസാര്‍ സ്വദേശിയായ മസ്രത് സെഹ്‌റ നിരവധി ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇവരുടെ ഫോട്ടോകള്‍ ദേശീയതലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. കേസ് ചുമത്തിയ കാര്യം അറിഞ്ഞിരുന്നില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പൊലീസ് പ്രസ് റിലീസ് കണ്ടപ്പോഴാണ് കേസിനെക്കുറിച്ചറിഞ്ഞതെന്നും മസ്രത് സെഹ്‌റ പറഞ്ഞു.