ന്യൂഡൽഹി: പൗരത്വ ഭേദഗതി പ്രതിഷേധം, ജെഎൻയു ആക്രമണം തുടങ്ങിയ വിവാദങ്ങൾക്കിടെ എ.ഐ.സി.സി പ്രവർത്തക സമിതി ജനുവരി 11ന് ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് ചേരും. രാജ്യത്തെ രാഷ്ട്രീയ സ്ഥിതി വിലയിരുത്തലാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. പ്രതിഷേധത്തെ പിന്തുണച്ച് പാർട്ടി രംഗത്തെത്തിയിരുന്നു.
പാർട്ടി ഇതിനകം തന്നെ പ്രതിഷേധത്തെ പിന്തുണയ്ക്കുകയും പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന വിദ്യാർഥി സംഘടനകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളിൽ കോൺഗ്രസ് വിശദമായ പഠനം നടത്തി രാജ്യത്ത് നിലനിൽക്കുന്ന അസ്വസ്ഥതകളെക്കുറിച്ചും സർക്കാരിന്‍റെ നിലപാടിലും പ്രസ്താവന ഇറക്കും.
ജെഎൻയു വിഷയത്തിൽ വിദ്യാർഥികളെ പിന്തുണച്ച് നിലപാട് സ്വീകരിച്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസിന്‍റെ നാലംഗ അന്വേഷണ സമിതി ഇന്നലെ ജെഎൻയുവിലെത്തി വിദ്യാർഥികളോട് സംവദിച്ചിരുന്നു. എതിര്‍പ്പുകള്‍ ഉന്നയിക്കുന്നവരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മോദി സര്‍ക്കാരിന്‍റെ സഹായത്തോടെയാണ് വിദ്യാർഥികള്‍ക്ക് നേരേ ഗുണ്ടകള്‍ അക്രമം അഴിച്ചു വിട്ടതെന്നും കോൺഗ്രസ് അധ്യക്ഷ ആരോപിച്ചു.