ന്യൂഡല്‍ഹി: കോൺഗ്രസ് ഇടക്കാല അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെക്കാൻ സന്നദ്ധത അറിയിച്ച് സോണിയ ഗാന്ധി. കോൺഗ്രസ് വർക്കിങ് കമ്മറ്റിയില്‍ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞടുക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളായ എ.കെ ആന്‍റണി, മൻമോഹൻ സിങ് എന്നിവർ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെക്കരുതെന്ന് ഇരു നേതാക്കളും സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു.
കോൺഗ്രസിലെ നേതൃ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 23 നേതാക്കള്‍ അയച്ച കത്ത് സോണിയ ഗാന്ധി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് കൈമാറി. നേതൃമാറ്റം ആവശ്യപ്പെടുന്ന കത്ത് നിർഭാഗ്യകരമാണെന്ന് സെക്രട്ടറി കെ.സി വേണുഗോപാൽ യോഗത്തിൽ പറഞ്ഞു. കത്തിനെക്കുറിച്ചുള്ള വിവരങ്ങൾ എങ്ങനെ പുറത്തുവന്നുവെന്ന് നേതാക്കളോട് വേണുഗോപാൽ ചോദിച്ചു. കത്ത് എഴുതിയ നടപടി പാർട്ടിയെ ദുർബലപ്പെടുത്തിയെന്ന് എ.കെ ആന്‍റണി വിമർശനം ഉന്നയിച്ചു. അതേ സമയം സോണിയ ഗാന്ധി നേതൃ സ്ഥാനം ഒഴിയരുതെന്ന് കോൺഗ്രസ് ആന്ധ്രാ ഘടകം ആവശ്യപ്പെട്ടു. നിലവിൽ സോണിയ ഗാന്ധി അല്ലാതെ ശക്തമായ നേതൃത്വം കോൺഗ്രസിന് ഇല്ലെന്നും സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയാൽ രാഹുൽ ഗാന്ധി സ്ഥാനം ഏറ്റെടുക്കണമെന്നും ആന്ധ്രാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആവശ്യം ഉന്നയിച്ചു.