ന്യൂഡല്‍ഹി: 50 കോടി രൂപക്ക് മുകളിലുള്ള ബാങ്ക് വായ്‌പ തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ പുതിയ സമിതിയെ നിയോഗിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍. മുന്‍ വിജിലന്‍സ് കമ്മീഷണര്‍ ടി എം ബാസിന്‍റെ നേതൃത്വത്തില്‍ എബിബിഎഫ് (അഡ്വൈസറി ബോര്‍ഡ് ഫോര്‍ ബാങ്കിങ് ഫ്രോഡ്‌സ്) എന്ന സമിതിയാണ് ബാങ്ക് വായ്‌പ തട്ടിപ്പുകളെപ്പറ്റി അന്വേഷിക്കുന്നതിനായി നിയോഗിക്കപ്പെട്ടത്. പൊതുമേഖല ബാങ്കുകളുടെ അന്വേഷണ ഏജന്‍സികളുടെ നിര്‍ദേശങ്ങള്‍ക്കുപരിയായി പ്രവര്‍ത്തിക്കാനുള്ള അധികാരം എബിബിഎഫിന് ഉണ്ടായിരിക്കും.
പൊതുമേഖല ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമെങ്കില്‍ സിബിഐയും ഇടപെടും. മുന്‍ നഗരവികസന സെക്രട്ടറി മധുസുദന്‍ പ്രസാദ്, അതിര്‍ത്തി സുരക്ഷാ സേന മുന്‍ ഡയറക്ടര്‍ ജനറല്‍ ഡി കെ പതക്, ആന്ധ്ര ബാങ്ക് മുന്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുരേഷ് എന്‍ പട്ടേല്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. രണ്ട് വര്‍ത്തേക്കാണ് ചെയര്‍മാന്‍റെയും മറ്റ് അംഗങ്ങളുടെയും നിയമനം.