ന്യൂഡൽഹി: ബിജെപി നേതാവ് സാജിദ് അലിയെ താടി വടിക്കാത്തതിന്‍റെ പേരിൽ അജ്ഞാതർ ഭീഷണിപ്പെടുത്തിയതായി പരാതി. താടി വടിക്കണമെന്നും അല്ലാത്ത പക്ഷം പാർട്ടി വിട്ടു പോകണമെന്നുമായിരുന്നു ആവശ്യം. ഇന്നു പുലർച്ചെ ജഫ്രാബാദിൽ സാജിദ് അലിയുടെ വീട്ടിലെത്തിയാണ് അജ്ഞാതര്‍ ഭീഷണി മുഴക്കിയത്. ബിജെപി ന്യൂനപക്ഷ മോർച്ചയുടെ നോർത്ത് ഈസ്റ്റ് ഡൽഹി യൂണിറ്റ് വൈസ് പ്രസിഡന്‍റാണ് സാജിദ് അലി.
പുലർച്ചയോടെ വീടിന് പുറത്തെത്തിയ അക്രമികൾ താടി വടിക്കാത്തതിന്‍റ പേരിൽ അസഭ്യം പറയുകയും, താടി വടിച്ചില്ലെങ്കിൽ പാർട്ടി വിടണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് സാജിദ് അലി ഇടിവി ഭാരതിനോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അക്രമികൾ അധിക്ഷേപിച്ചെന്നും അലി കൂട്ടിച്ചേർത്തു. സംഭവത്തിൽ സാജിദ് അലി പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്. പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഇക്കാര്യത്തിൽ പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അലി പറഞ്ഞു.