കോയമ്പത്തൂര്‍: അപേക്ഷിച്ച ലോണ്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരെ മധ്യവയസ്കന്‍ തോക്കുമായി ആക്രമിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇടിവി ഭാരതിന് ലഭിച്ചു. കോയമ്പത്തൂര്‍ - സോമയംപാളയം സ്വദേശി വെട്രിവേലാണ് കാനറ ബാങ്കിന്‍റെ കോവൈ - ട്രിച്ചി റോഡിലുള്ള ശാഖയിലേക്ക് അതിക്രമിച്ച് കടന്ന് ജീവനക്കാരെ ആക്രമിച്ചത്.
ബാങ്കിനുള്ളിലേക്ക് കടന്ന വെട്രിവേല്‍ തോക്കുമായി ജീവനക്കാരനായ ഗുണപാലനെ സമീപിച്ചു. സംഭവം കണ്ട് ഓടിയെത്തിയ സീനിയര്‍ മാനേജരെ ഇയാള്‍ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി. ഇതോടെ പരിഭ്രാന്തരായ ജീവനക്കാര്‍ ചിതറി. ഈയവസരം മുതലെടുത്ത് വെട്രിവേല്‍ ഗുണപാലനെയും സമീപത്തുണ്ടായിരുന്ന മറ്റ് ജീവനക്കാരെയും കുത്തിയ ശേഷം ബാങ്കില്‍ നിന്നും ഇറങ്ങിയോടി. ഇയാളുടെ ആക്രമണത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കുണ്ട്. വെട്രിവേലിനായുള്ള അന്വേഷണം പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.