ശ്രീനഗർ: മുഹറം ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന രീതിയിൽ കശ്‌മീരിൽ വീണ്ടും കർഫ്യൂവിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംഘം ചേരൽ അക്രമത്തിലേക്ക് നയിച്ചേക്കാമെന്ന് സൂചനയുള്ളതിനാലാണ് ഇന്നലെ ശ്രീനഗർ ഉൾപ്പെടെയുള്ള കശ്‌മീരിലെ പല ഭാഗങ്ങളിലും മുഹറം ഘോഷയാത്രകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയതിന്‍റെ കാരണം ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല.
ലാൽ ചൗക്കിലെ വാണിജ്യ കേന്ദ്രങ്ങളിലും സമീപ പ്രദേശങ്ങളിലും പ്രവേശന കവാടങ്ങളിലും കൺസേർട്ടിന വയറുപയോഗിച്ച് പൂർണ്ണമായും അടച്ചു. പ്രദേശത്ത് നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. വിപണികളും മറ്റ് ബിസിനസ് സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്‌ദുല്ല, ഒമർ അബ്‌ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. മറ്റ് മുഖ്യധാരാ നേതാക്കളും തടങ്കലിലാണ്.