പുല്‍വാമയിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് ജമ്മു കശ്മീരില്‍ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ വ്യാപക അക്രമം. ഇതേത്തുടര്‍ന്ന് ജമ്മുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗുജ്ജാറിലാണ് ഹര്‍ത്താലിനിടെ ആദ്യ അക്രമ സംഭവമുണ്ടായത്. പിന്നീട് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിച്ചു. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു.
ജമ്മുവിലും പരിസരപ്രദേശങ്ങളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ രാജ്യത്തിന്റെ സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.
ജമ്മു ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, വാഹന ഉടമകളുടെ സംഘടനകള്‍ തുടങ്ങിയവർ ഹര്‍ത്താലിനെ പിന്തുണച്ചു. സൈന്യത്തിന് നേരെ രാജ്യത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നാണ് പുല്‍വാമയില്‍ നടന്നത്. സൈനിക വാഹനവ്യൂഹത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ ആദില്‍ അഹമ്മദ് ധര്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തില്‍ 39 സൈനികര്‍ കൊല്ലപ്പെട്ടു.