ശ്രീനഗർ: ശ്രീനഗർ ജില്ലയിൽ ആഗസ്ത് 4, 5 തീയതികളിൽ കർഫ്യൂ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഓഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കി ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി മാറ്റിയതിന്‍റെ ഒന്നാം വാർഷികം ആണ്. ഇത്, സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതിന് വഴിയൊരുക്കി.
അതേസമയം, ഓഗസ്റ്റ് 5 കറുത്ത ദിനമായി ആചരിക്കാനും പ്രതിഷേധം നടത്താനും വിഘടനവാദികളും പാകിസ്ഥാൻ ഗ്രൂപ്പുകളും പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതായി ശ്രീനഗർ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ഇതേതുടർന്നാണ്, സിആർപിസി സെക്ഷൻ 144 പ്രകാരം ശ്രീനഗർ ജില്ലയിൽ ഓഗസ്റ്റ് 4, ഓഗസ്റ്റ് 5 തീയതികളിൽ പൊതുഗതാഗതത്തിന് പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്.
മെഡിക്കൽ അടിയന്തിര സാഹചര്യങ്ങളുള്ളവരേയും സാധുവായ പാസ് കാർഡുള്ള കൊവിഡ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരേയും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കുമെന്ന് ഉത്തരവിൽ പറഞ്ഞു.