ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് 53 വയസുള്ള സിആർപിഎഫ് ഉദ്യോഗസ്ഥൻ മരിച്ചു. ഇതോടെ രോഗം ബാധിച്ച് മരിച്ച സിആർപിഎഫ് ഉദ്യോഗസ്ഥരുടെ എണ്ണം ഒൻപതായി. സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി എന്നീ അഞ്ച് കേന്ദ്ര സായുധ പൊലീസ് സേനകളിലായി ഇതുവരെ 25 ഉദ്യോഗസ്ഥരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സിആർപിഎഫിലെ ഒൻപതാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ജാജറിലെ എയിംസില്‍ ഇയാൾ പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. അസാമിലെ നാഗോൺ ജില്ലയില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് മരിച്ചത്.
എൻഎസ്‌ജി, എൻഡിആർഎഫ് തുടങ്ങി അഞ്ച് കേന്ദ്ര സേനകളിലായി 3350 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബിഎസ്‌എഫില്‍ 944 പേർക്കും സിഐഎസ്എഫില്‍ 740 പേർക്കും ഇന്തോ ടിബറ്റൻ ബോർഡർ പൊലീസില്‍ 313 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയില്‍ 184 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബിഎസ്‌എഫിൽ മുപ്പത്തിമൂന്ന് പുതിയ കൊവിഡ് -19 കേസുകളും ഐടിബിപിയിൽ ആറ് കേസുകളും സിആർപിഎഫിൽ നാല് കേസുകളുമാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്.