ന്യൂഡല്‍ഹി: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചിട്ടു. സിആര്‍പിഎഫ് ഉന്നത ഉദ്യോഗസ്ഥന്‍റെ പേഴ്‌സണല്‍ സ്റ്റാഫിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കെട്ടിടം പൂര്‍ണമായും സീല്‍ ചെയ്‌തിരിക്കുകയാണെന്ന് സിആര്‍പിഎഫ് അറിയിച്ചു.
രോഗം ബാധിച്ച ജീവനക്കാരുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. സിആർപിഎഫ് ഡയറക്‌ടർ ജനറൽ, സ്‌പെഷ്യൽ ഡയറക്‌ടർ ജനറൽ എന്നിവരുടെ ഓഫീസുകളുള്ള സിജിഒ സമുച്ചയം മുഴുവൻ അണുവിമുക്തമാക്കും. ശനിയാഴ്‌ചയാണ് ജീവനക്കാരന്‍റെ പരിശോധനാ ഫലം പുറത്തുവന്നത്. കെട്ടിടത്തിനകത്തേക്ക് ആരെയും പ്രവേശിപ്പിക്കില്ലെന്നും കെട്ടിടം ഇനിയെന്ന് തുറക്കുമെന്നതില്‍ തീരുമാനമായിട്ടില്ലെന്നും സിആർപിഎഫിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സിആർപിഎഫ് ആസ്ഥാനത്തേക്ക് ദ്രുത വിവരങ്ങൾ നൽകുന്നതിന് എല്ലാ യൂണിറ്റുകളുമായും ബന്ധിപ്പിച്ചിരിക്കുന്ന കൺട്രോൾ റൂം ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.