ന്യൂഡൽഹി : നഗരത്തിൽ ജയിലുകളിലെ തടവുകാർക്കും ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി സുരക്ഷ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഐസൊലേഷൻ വാർഡുകൾ സൃഷ്ടിക്കുക, ദ്രുത പരിശോധന നടത്തുക തുടങ്ങിയ നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്. കൊവിഡ് മൂലം 62 കാരനായ തടവുകാരൻ ഉറക്കത്തിൽ മരിച്ചതോടെ 55 വയസ്സിന് മുകളിലുള്ള തടവുകാരെ സംബന്ധിച്ച് കൂടുതൽ മുൻകരുതലുകൾ എടുക്കാൻ ജസ്റ്റിസ് ഹിമാ കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി (എച്ച്പിസി) ജയിൽ അധികൃതർക്ക് നിർദേശം നൽകി. 18 മുതൽ 21 വയസിന് ഇടയിൽ പ്രായമുള്ള തടവുകാരെയും ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുന്നതിനായി മംദൊലി ജയിലിന് സമീപമുള്ള പൊലീസ് ക്വാർട്ടേഴ്സ് ലഭിക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്താനും കമ്മിറ്റി നിർദേശിച്ചു. പുതിയ തടവുകാർക്കിടയിൽ വൈറസ് പടരാതിരിക്കാൻ ഓരോ പുതിയ പ്രവേശനത്തിലും ദ്രുത പരിശോധന നടത്തേണ്ടതുണ്ടെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
എല്ലാ ജയിൽ ആശുപത്രികളിലും 'ഓക്സിജൻ കോൺസൺട്രേഷൻ മെഷീനുകൾ' ഉണ്ടായിരിക്കണമെന്നും രണ്ട് ജയിൽ ആശുപത്രികൾക്കും അത്തരം രണ്ട് യന്ത്രങ്ങൾ എത്രയും വേഗം വാങ്ങണമെന്നും ജൂൺ 20 ന് നടന്ന യോഗത്തിൽ കമ്മിറ്റി തീരുമാനിച്ചു. കൂടാതെ ജയിൽ ഉദ്യോഗസ്ഥർ വഴി തടവുകാർക്കിടയിൽ കൊവിഡ് പടരുന്നത് തടയാൻ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഉദ്യോഗസ്ഥരെ വേഗത്തിൽ പരിശോധിക്കണമെന്നും കമ്മിറ്റി തീരുമാനിച്ചു. ഇടക്കാല ജാമ്യവും പരോളും നൽകി ജയിലുകളിൽ കുറ്റവാളികളുടെ എണ്ണം കുറക്കുന്നതുമായി ബന്ധപ്പെട്ട് 4,129 കുറ്റവാളികളേയും ശിക്ഷിക്കപ്പെട്ട തടവുകാരെയും വിട്ടയച്ചിട്ടുണ്ട്. കൊവിഡ് 19 മഹാമാരി എപ്പോൾ അവസാനിക്കുമെന്നത് സംബന്ധിച്ച് ഒരു നിശ്ചയവുമില്ലെന്നും സാമൂഹിക അകലം പാലിക്കേണ്ട ആവശ്യമുണ്ടെന്നും കമ്മിറ്റി വ്യക്തമാക്കി.