ന്യൂഡൽഹി: തമിഴ്‌നാട്ടിലെ മെഡിക്കൽ കോഴ്സുകളിൽ പിന്നോക്ക വിഭാഗക്കാർക്ക് 50 ശതമാനം സംവരണമാവശ്യപ്പെട്ട് സിപിഎം സുപ്രീം കോടതിയെ സമീപിച്ചു. ഒബിസി വിഭാഗക്കാർക്ക് 50 ശതമാനവും എസ്.സി, എസ്.ടി വിഭാഗക്കാർക്ക് യഥാക്രമം 18 ശതമാനവും ഒരു ശതമാനവും സംവരണമാവശ്യപ്പെട്ട് സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു.
അതേസമയം നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തിയ നീറ്റ്- പിജി 2020 ഫലങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും സംവരണത്തിന് പ്രാപ്തരായ വിദ്യാർഥികളെ ഉൾക്കൊള്ളുന്നതിനായി പരീക്ഷ മാറ്റിവെക്കുകയോ പരിഷ്കരിക്കുകയോ ചെയ്യണമെന്നും ഹർജി ആവശ്യപ്പെടുന്നു. അർഹതപ്പെട്ട സംവരണം നൽകാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 21 ലംഘനമാണെന്നും പാർട്ടി വാദിക്കുന്നു.
മുൻ വർഷങ്ങളിൽ ഓൾ ഇന്ത്യ ക്വാട്ടയ്ക്ക് കീഴിലുള്ള ബിരുദാനന്തര-ബിരുദ മെഡിക്കൽ സീറ്റുകൾ ഒബിസിക്ക് നിഷേധിച്ചിരിക്കുന്നു. അതിനാൽ ഓരോ വർഷവും ആയിരക്കണക്കിന് സീറ്റുകളാണ് ജനറൽ വിഭാഗത്തിലേക്ക് മാറുന്നതെന്നും ഹർജി ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ കോഴ്സുകൾക്ക് സംവരണം ആവശ്യപ്പെട്ട് മറ്റ് രണ്ട് പൊതുതാൽപര്യ ഹർജികളും സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.