ന്യൂഡല്‍ഹി: ദേശീയ പാർട്ടി പദവി എടുത്തുകളയരുതെന്ന് ആവശ്യപ്പെട്ട് സിപിഐ, തൃണമൂല്‍ കോൺഗ്രസ്, എൻസിപി പാര്‍ട്ടി നേതൃത്വങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തെരഞ്ഞെടുപ്പ് പ്രകടനം മെച്ചപ്പെടുത്താൻ പുതിയ അവസരം നൽകണമെന്ന് പാര്‍ട്ടി നേതാക്കൾ കമ്മിഷനോട് ആവശ്യപ്പെട്ടു. അതേസമയം തങ്ങള്‍ പഴയ പാര്‍ട്ടികളാണെന്നും, ദേശീയ രാഷ്‌ട്രീയത്തില്‍ നിര്‍ണായക സ്ഥാനം ഉണ്ടായിരുന്നുവെന്നും ഇവര്‍ കമ്മീഷനെ അറിയിച്ചു. സമീപകാലത്തെ തെരഞ്ഞെടുപ്പ് പ്രകടനം മാത്രം നോക്കി കാര്യങ്ങൾ തീരുമാനിക്കരുതെന്നാണ് പാര്‍ട്ടികളുടെ ആവശ്യം. ദേശീയ പദവി റദ്ദാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് പാര്‍ട്ടികള്‍ക്കും നോട്ടീസ് അയച്ചിരുന്നു.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് പാര്‍ട്ടികൾക്കും മികച്ച പ്രകടനം കാഴ്ചവക്കാനായിരുന്നില്ല. എന്‍സിപിക്ക് മഹാരാഷ്‌ട്രയിലോ സിപിഐക്ക് കേരളത്തിലോ പോലും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സീറ്റുകള്‍ കുറയുകയും ചെയ്‌തിരുന്നു. ഇതേതുടര്‍ന്ന് ദേശീയ പാര്‍ട്ടിയായിരിക്കാന്‍ യോഗ്യതയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലയിരുത്തല്‍.