ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ വിശകലനത്തിന്‍റെ അടിസ്ഥാനത്തിൽ ഈ വർഷം സെപ്റ്റംബർ പകുതിയോടെ രാജ്യത്ത് കൊവിഡ് രോഗവ്യാപനം കുറയുമെന്ന് വിലയിരുത്തൽ. സെപ്റ്റംബറോടെ രോഗബാധിതരുടെ എണ്ണവും രോഗമുക്തരുടെ എണ്ണവും തുല്യമാകുമെന്നും രോഗവ്യാപനം കുറയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മാർച്ച് ഒന്ന് മുതൽ മെയ് 19 വരെയുള്ള ഇന്ത്യയിലെ മൊത്തം കൊവിഡ് കേസുകളുടെ ബെയിലീസ് റിലേറ്റിവ് റിമൂവൽ റേറ്റ് രീതി ശാസ്ത്ര പ്രകാരമാണ് വിലയിരുത്തൽ. ഈ വിശകലനം എപ്പിഡെമിയോളജി ഇന്‍റർനാഷണൽ ഓൺലൈൻ ജേണലിന്‍റെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.അനിൽ കുമാർ, കുഷ്ഠരോഗ വിഭാഗം ഡെപ്യൂട്ടി അസിസ്റ്റന്‍റ് ഡയറക്ടർ രൂപാലി റോയ് എന്നിവരാണ് പഠനത്തിന് പിന്നിലുള്ളവർ. ഇന്ത്യയിൽ യഥാർഥ രോഗവ്യാപനം മാർച്ച് രണ്ട് മുതൽ ആരംഭിച്ചതായും അതിനുശേഷം രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം വർധിച്ചുവരികയാണെന്നും പഠനം അഭിപ്രായപ്പെട്ടു.
പഠനത്തിനായി ഗണിതശാസ്ത്ര മോഡൽ ഉപയോഗിക്കുന്നതിലൂടെ രോഗവ്യാപനത്തിന്‍റെ ഫീൽഡ് പ്രവർത്തനങ്ങളും മറ്റ് പൊതുജനാരോഗ്യ നടപടികളും, ക്ലിനിക്കൽ പരിചരണം, വീണ്ടെടുക്കൽ നിരക്ക്, ഏതെങ്കിലും ചികിത്സ / വാക്സിൻ എന്നിവയുടെ ഫലപ്രാപ്തി, ഹ്രസ്വകാല ഏറ്റക്കുറച്ചിലുകൾ തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിക്കാൻ സാധിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു. പ്രകൃതിദുരന്തം, പ്രവചനാതീതമായ ജനസംഖ്യാപ്പെരുപ്പം, പ്രധാനപ്പെട്ട ദേശീയ/അന്തർദേശീയ സംഭവങ്ങൾ എന്നിവ ഇതിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പഠനം സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,971 കൊവിഡ് കേസുകളും 287 മരണങ്ങളുമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്.