ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,082 രോഗികള്‍ കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 78.68 ലക്ഷമായി. 5,12,665 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 6.03 ശതമാനം പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.
കഴിഞ്ഞ ഒക്‌ടോബര്‍ 15 മുതല്‍ രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കൊവിഡ് കേസുകളില്‍ കുറവ് വരുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടുന്നവരില്‍ 76 ശതമാനവും പത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണ്. കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ് കൂടുതല്‍ കൊവിഡ് മുക്തരുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 7201 പേരും മഹാരാഷ്‌ട്രയില്‍ 6478 പേരും രോഗമുക്തി നേടി.
ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനവും കേരളമാണ്. പുതിയ 7201 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഡല്‍ഹിയില്‍ 6953ഉം മഹാരാഷ്‌ട്രയില്‍ 3959 കേസുകളും സ്ഥിരീകരിച്ചു. 559 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചിട്ടുണ്ട്. ഇതില്‍ 26.8 ശതമാനവും മഹാരാഷ്‌ട്രയിലാണ്. 150 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഡല്‍ഹിയില്‍ 79 മരണങ്ങളും ബംഗാളില്‍ 58 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 1,26,121 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.