ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിക്കിടയിൽ ആശ്വാസമായി ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള എല്ലാ അവസാന തീയതികളും കേന്ദ്രസർക്കാർ നീട്ടി. ഇത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനും ആധാര്‍ പാന്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനും കൂടുതല്‍ സമയം നല്‍കും. ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കേണ്ട അവസാന തീയതികളാണ് നീട്ടി വെച്ചത്. വ്യക്തിഗത ആദായ നികുതി റിട്ടേണ്‍, ടാക്‌സ് ഓഡിറ്റും, കമ്പനികളുടെ ടാക്‌സ് റിട്ടേണുകളും, ആവശ്യമായ വ്യവസായികളും മറ്റ് വ്യക്തികളും നൽകേണ്ട റിട്ടേണുകള്‍ എന്നിവയുടെ അവസാന തീയതികളാണ് നവംബര്‍ 30 ലേക്ക് നീട്ടിയത്. നികുതി മിച്ചം പിടിക്കാനുള്ള ആദായ നികുതി നിയമത്തിന് കീഴിലുള്ള വിവിധ പോംവഴികളുടെ അവസാന തീയതികളും നീട്ടി വെച്ചതിലൂടെ വിവിധ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ അവസരം കൈവന്നിരിക്കുന്നു. നിലവില്‍ ഈ മാസം 30 വരെ ആയിരുന്ന തീയതി ജൂലൈ 31 വരെ നീട്ടി.
ഇതിനുമുമ്പ് ധനമന്ത്രി നിർമല സീതാരാമന്‍ അവസാന തീയതികളെല്ലാം തന്നെ മാര്‍ച്ച് 31 ല്‍ നിന്നും ഈ മാസം 30 ലേക്ക് നീട്ടി വെച്ചിരുന്നു. ലോക്ക് ഡൗൺ നടപടികള്‍ മൂലമാണ് ആദ്യം തീയതി നീട്ടിയത്. എന്നാല്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും അവസാന തീയതി ജൂലൈ 31 വരെ നീട്ടിയത്. ഇതിലൂടെ നിക്ഷേപങ്ങള്‍ നടത്താൻ കഴിയാത്ത നികുതി ദായകര്‍ക്ക് പിപിഎഫ്, എന്‍പിഎസ്, എല്‍ഐസി എന്നിവ പോലുള്ള വിവിധ നിക്ഷേപ പദ്ധതികളില്‍ നിന്ന് നികുതി മിച്ചം പിടിക്കാന്‍ ഒരു മാസം കൂടി അവസരം ലഭിക്കും. 2018-19 സാമ്പത്തിക വര്‍ഷത്തിലെ (എവൈ 2019-20) ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത നികുതി ദായകര്‍ക്ക് ഒറിജിനല്‍ ഫയലിങ്ങിനും അതുപോലെ തന്നെ പുതുക്കിയ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുമുള്ള തീയതി 2020 ജൂലൈ 31 വരെ നീട്ടിയിരിക്കുന്നു. എല്ലാതരം ആദായ നികുതി റിട്ടേണുകളും 2020 നവംബര്‍ 30 വരെ നല്‍കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഒക്‌ടോബര്‍ 31 ന് മുമ്പായി ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യണം.
ആധാര്‍-പാന്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി വീണ്ടും നീട്ടി
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതിയും 2021 മാര്‍ച്ച് 31 വരെ നീട്ടിയതാണ് മറ്റൊരു ആശ്വാസം. സ്വയം വിലയിരുത്തൽ നികുതി അടക്കുന്നതിനുള്ള അവസാന തീയതിയും 2020 നവംബര്‍ 30 വരെ നീട്ടി. സ്വയം വിലയിരുത്തൽ നികുതി ബാധ്യത ഒരു ലക്ഷം രൂപ വരെയുള്ളവര്‍ക്ക് മാത്രമായിരിക്കും പുതിയ തീയതി ബാധകം. അതേ സമയം സ്വയം വിലയിരുത്തൽ നികുതി ബാധ്യത ഒരു ലക്ഷം രൂപക്ക് മുകളിലുള്ള നികുതി ദായകരെ സംബന്ധിച്ചിടത്തോളം അത് അടക്കേണ്ടതിന്‍റെ അവസാന തീയതിയില്‍ മാറ്റമുണ്ടാവില്ലെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ഇന്‍കം ടാക്‌സ് ആക്റ്റ് (ഐ ടി ആക്റ്റ് പ്രകാരമുള്ള നിശ്ചിത തീയതിയില്‍ എല്ലാ സ്വയം വിലയിരുത്തല്‍ നികുതിയും അടക്കണം. വൈകി അടക്കുന്ന നികുതികള്‍ക്ക് ഐടി ആക്റ്റിന്‍റെ 234 എ വകുപ്പ് പ്രകാരം പലിശ നല്‍കേണ്ടതായി വരുമെന്നും ബോര്‍ഡ് അറിയിച്ചു. വൈകിയുള്ള അടവുകളിന്മേല്‍ ഇളവുകളോട് കൂടിയ പലിശ നിരക്ക് പ്രയോജനപ്പെടുത്തുന്നതിന് ഇനി സമയം നീട്ടി കൊടുക്കുന്നതല്ല. വിവിധ അടവുകള്‍ക്കുള്ള തീയതികളില്‍ നിരവധി ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും നികുതികൾക്ക് മേലുള്ള ഒമ്പത് ശതമാനം ഇളവ് നിരക്കിൽ പലിശ പ്രയോജനപ്പെടുത്താനുള്ള തീയതി നീട്ടി വെക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നികുതികള്‍ വൈകി അടയ്ക്കുമ്പോൾ ഉപയോഗപ്പെടുത്തുന്ന ഒമ്പത് ശതമാനം ഇളവ് പലിശ നിരക്ക് ഈ മാസം 30 ന് ശേഷം അടയ്ക്കുന്ന നികുതികള്‍ക്ക് ബാധകമായിരിക്കില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.
മൂലധന നേട്ട നികുതിയിൽ ഇളവ്
ആദായ നികുതി നിയമം 54-ാം വകുപ്പ് പ്രകാരം മൂലധന നേട്ടത്തിന്മേല്‍ ഇളവുകള്‍ നേടിയെടുക്കുന്നതിന്‍റെ ഭാഗമായി ചെയ്യേണ്ട മുതല്‍ മുടക്കുകള്‍, റോള്‍ ഓവര്‍ ആനുകൂല്യം അവകാശപ്പെടുന്നതിനായി ആരംഭിക്കേണ്ട നിർമാണം അല്ലെങ്കില്‍ വസ്‌തു വാങ്ങല്‍ എന്നിവക്കുള്ള അവസാന തീയതിയും 2020 സെപ്റ്റംബര്‍ 30 വരെ നീട്ടി.
സെസ് യൂണിറ്റുകള്‍ക്കും ആശ്വാസം
രാജ്യത്തിന്‍റെ കയറ്റുമതിയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ട് ആദായ നികുതി നിയമത്തിന്‍റെ 10 എഎ വകുപ്പിന് കീഴില്‍ ഇളവുകള്‍ അവകാശപ്പെടുന്നതിന് സെസ് യൂണിറ്റുകള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള തീയതിയും സര്‍ക്കാര്‍ നീട്ടി വെച്ചു. ഈ വര്‍ഷം മാര്‍ച്ച് അവസാനത്തിൽ ആവശ്യമായ അനുമതി ലഭിച്ച സെസ് യൂണിറ്റുകള്‍ക്ക് ഈ വർഷം സെപ്റ്റംബര്‍ 30 വരെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള അവസാന തീയതി നീട്ടി കൊടുത്തു.
വിവാദ് സെ വിശ്വാസ് പദ്ധതിക്ക് കൂടുതല്‍ സമയം നീട്ടി നൽകില്ല
നേരിട്ടുള്ള നികുതി തര്‍ക്കങ്ങളുടെ പരിഹാരമാണ് വിവാദ് സെ വിശ്വാസ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്ക് ഇനി കൂടുതല്‍ സമയം നീട്ടി നൽകില്ലെന്ന് സിബിഡിടി വ്യക്തമാക്കി. ഈ വർഷം ഡിസംബര്‍ 31 ലെ വിവാദ് സെ വിശ്വാസ് പദ്ധതിക്ക് കീഴില്‍ അധിക തുക ഇല്ലാതെ തന്നെ അടയ്‌ക്കേണ്ട തുക കെട്ടാനുള്ള അവസാന തീയതിയുടെ നീട്ടിയതായി ബോര്‍ഡ് അറിയിച്ചു. കൃത്യമായ കാലയളവില്‍ ഇതിനാവശ്യമായ നിയമപരമായ ഭേദഗതികള്‍ മുന്നോട്ട് വെക്കുമെന്നും സിബിഡിടി കൂട്ടിച്ചേര്‍ത്തു.