ബെംഗളൂരു: കര്‍ണാടകയില്‍ 52 വയസുകാരനായ കൊവിഡ് ബാധിതന്‍ മരിച്ചതില്‍ ബിബിഎംപിക്ക് വീഴ്‌ച സംഭവിച്ചതായി ആരോപണം. ബെംഗളൂരുവില്‍ ഒരു സ്വകാര്യ ആരോഗ്യ കേന്ദ്രത്തില്‍ കടുത്ത പനിയെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക്ക(ബിബിഎംപി)യെ അറിയിക്കുകയും ചെയ്‌തതാണ്. എന്നാല്‍ ഉദ്യോഗസ്ഥര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ല.
തിങ്കളാഴ്‌ച വീണ്ടും ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിബിഎംപി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും തങ്ങളുടെ പരിധിയില്‍ വരുന്ന പ്രദേശമല്ലെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്‌തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പിന്നീട് സ്വകാര്യ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15,000 കടന്നതായാണ് റിപ്പോര്‍ട്ട്. 246 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു.