ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യത്തിന്‍റെ ഭാരം തൊഴിലാളികൾക്ക് മാത്രം നൽകാനാവില്ലെന്ന് സുപ്രീം കോടതി. അതിനാല്‍ തൊഴിലാളികൾക്ക് ഓവർടൈം വേതനം നൽകുന്നതിൽ നിന്ന് ഫാക്ടറികളെ ഒഴിവാക്കുന്ന ഗുജറാത്ത് സർക്കാർ വിജ്ഞാപനം സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. കൊവിഡ് -19 പകർച്ചവ്യാധികൾക്കിടയിലും രാജ്യത്തെ ഫാക്ടറികൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് കോടതിക്ക് അറിയാമെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. എന്നിരുന്നാലും, തൊഴിലാളികളെ ബുദ്ധിമുട്ടിക്കാൻ കഴിയില്ലെന്നും നിലവിലുള്ള അവസ്ഥയില്‍ തൊഴിലാളികൾക്ക് അന്തസ്സും ശരിയായ വേതനത്തിനുള്ള അവകാശവും നൽകുന്ന നിയമപരമായ വ്യവസ്ഥകളെ അസാധുവാക്കാനുള്ള നീക്കത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
കൊവിഡ് രാജ്യ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന ആഭ്യന്തര അടിയന്തരാവസ്ഥയല്ലാത്തതിനാൽ തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങൾ ഗുജറാത്ത് സർക്കാർ ഇല്ലാതാക്കാൻ പാടില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഗുജറാത്തിലെ തൊഴിൽ വകുപ്പിന്‍റെ വിജ്ഞാപനത്തെ ചോദ്യം ചെയ്താണ് സുപ്രീം കോടതി ഉത്തരവ് വന്നത്. ഏപ്രിൽ 17 ലെ വിജ്ഞാപനം നിയമവിരുദ്ധവും, വിവിധ മൗലികാവകാശങ്ങൾ, നിയമപരമായ അവകാശങ്ങൾ, തൊഴിൽ നിയമങ്ങൾ എന്നിവയ്ക്ക് വിരുദ്ധവുമാണെന്ന് എന്ന് ഗുജറാത്ത് മസ്ദൂർ സഭ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചുഡും കെ.എം.ജോസഫും വീഡിയോ കോൺഫറൻസിംഗിലൂടെ അപേക്ഷ സ്വീകരിച്ച് വാദം കേട്ട ശേഷം നോട്ടീസ് നൽകുകയായിരുന്നു.