ഡെറാഡൂൺ: കൊവിഡ് 19 സ്ഥിരീകരിച്ച ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത് പാൽ മഹാരാജിന്റെ കുടുംബാംഗങ്ങളെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസ്ചാർജ് ചെയ്ത് നിമിഷങ്ങൾക്കകമാണ് ഇവരെ ഋഷികേശിലെ അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്.
സത് പാൽ മഹാരാജിന്റെ രണ്ട് ആൺമക്കളെയും അവരുടെ ഭാര്യമാരെയും ഒന്നര വയസുള്ള പേരക്കുട്ടിയെയും തിങ്കളാഴ്ച വൈകീട്ടാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. രോഗ ലക്ഷണങ്ങൾ ഇല്ലാത്തതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് ഡോക്ടർമാർ നിർദേശിച്ചത്. തുടർന്ന് വീട്ടുകാരുടെ അഭ്യർഥനപ്രകാരം രണ്ട് മണിക്കൂറിന് ശേഷം ഇവരെ എയിംസ് ആശുപത്രിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കേന്ദ്രത്തിന്‍റെ മാർഗ നിർദേശങ്ങൾ അനുസരിച്ച് രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെ വീട്ടിൽ നിരീക്ഷണത്തിൽ പാർപ്പിക്കാം എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ ഡിസ്ചാർജ് ചെയ്തതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.