ന്യൂഡൽഹി: കൊവിഡിനെതിരായ വാക്സിൻ വികസിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുന്നുണ്ടെന്നും മൂന്ന് വാക്സിനുകൾ ക്ലിനിക്കൽ ട്രയലിന്‍റെ വിവിധ ഘട്ടങ്ങളിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ ലോക്‌സഭയില്‍ പറഞ്ഞു. കൊവിഡിനെക്കുറിച്ച് ലോക്സഭയിൽ നടന്ന ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു ആരോഗ്യ മന്ത്രി. ഇതുവരെ 6.37 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. അണുബാധയുടെ വ്യാപനം തടയുന്നതിനും പകർച്ചവ്യാധിയെ ചെറുക്കുന്നതിനുമായി സ്വീകരിച്ച നടപടികൾ അദ്ദേഹം ലോക്സഭയിൽ വിവരിച്ചു.
15 ലക്ഷത്തിലധികം ആളുകളെയാണ് വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. നേപ്പാൾ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തപ്പോൾ നേപ്പാൾ- ഇന്ത്യ അതിർത്തിയിൽ 16 ലക്ഷം പേർക്കാണ് കൊവിഡ് പരിശോധന നടത്തിയത്. രോഗ വ്യാപനത്തിന്‍റെ ആദ്യ ദിവസങ്ങളിൽ ഡോക്ടർമാർക്ക് പോലും ഈ രോഗത്തെക്കുറിച്ച് വേണ്ടത്ര അറിവില്ലായിരുന്നെന്നും പിന്നീട് 2-3 ദശലക്ഷത്തിലധികം പേർക്ക് പ്രത്യേക പരിശീലനം നൽകിയതായും ഹർഷ് വർധൻ പറഞ്ഞു.
വൈറസ് തടയുന്നതിനായി മാർച്ച് 16 മുതൽ 23 വരെ ഒരു ഡസൻ സംസ്ഥാനങ്ങൾ ഭാഗികമായോ പൂർണമായതോ ആയ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.
കൊവിഡ് തടയുന്നതിനായി ജനുവരി എട്ട് മുതൽ കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരുന്നതായും ജനുവരി 17 ഓടെ എല്ലാ സംസ്ഥാനങ്ങൾക്കും കൊവിഡ് തടയുന്നതിനായുള്ള മാർഗനിർദേശങ്ങൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
രോഗവ്യാപനത്തിന്‍റെ ആദ്യഘട്ടങ്ങളിൽ രാജ്യത്ത് കൊവിഡ് പരിശേധന നടത്താൻ ഒരു ലാബാണ് ഉണ്ടായിരുന്നതെന്നും നിലവിൽ രാജ്യത്ത് 1,773 ലാബുകൾ ഉണ്ടെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.
വാക്സിനുകൾ വികസിപ്പിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 30 അപേക്ഷകളാണ് ലഭിച്ചതെന്നും ഇതിൽ മൂന്ന് വാക്സിനുകൾ ക്ലിനിക്കൽ ട്രയലിന്‍റെ വിവിധ ഘട്ടങ്ങളിലാണെന്നും ഹർഷ് വർധൻ പറഞ്ഞു.
“മെയ്ക്ക് ഇൻ ഇന്ത്യ” വെന്‍റിലേറ്ററുകൾ വാങ്ങുന്നതിന് പ്രധാനമന്ത്രി കെയർ ഫണ്ടിൽ നിന്നും ആരോഗ്യമന്ത്രാലയത്തിന് 893 കോടി രൂപ ലഭിച്ചതായും 18 ലക്ഷം കിടക്കകളുള്ള 17,000 കൊവിഡ് കേന്ദ്രങ്ങളും ആറ് ലക്ഷം കിടക്കകളുള്ള 13,000 ക്വാറന്‍റൈൻ കേന്ദ്രങ്ങളും രാജ്യത്ത് ഉണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ ലോക്സഭയിൽ പറഞ്ഞു.