ഹൈദരാബാദ്: കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ബാഡ്‌മിന്‍റൺ താരം പി കശ്യപ് തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ നൽകി. കൊവിഡിനെ പ്രതിരോധിക്കാൻ സജ്ജരായ ആരോഗ്യ വിദഗ്ധരേയും അടിയന്തര സേവന ദാതാക്കളെയും പരുപ്പള്ളി കശ്യപ് അഭിവാദ്യം ചെയ്തു.
കൊവിഡിനെ പ്രതിരോധിക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രയത്നത്തിൽ പങ്കുചേർന്ന് നിരവധി കായിക താരങ്ങളാണ് പിഎം കെയേഴ്സിലേക്കും മറ്റ് കൊവിഡ് ദുരിതാശ്വാസ നിധികളിലേക്കും സംഭാവന നൽകുന്നത്. ഏപ്രിൽ ആറിന് മുൻ ഹോക്കി താരം ധൻരാജ് പിള്ള പിഎം കെയർസിലേക്ക് അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പിഎം കെയർസ് ഫണ്ടിലേക്ക് 51 കോടി രൂപയും ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന 31 ലക്ഷം രൂപയും നൽകി, റെയ്‌ന ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് 21 ലക്ഷം രൂപയും നൽകിയിട്ടുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ 50 ലക്ഷം രൂപയാണ് സംഭാവന നൽകിയത്.