ഭോപ്പാല്‍: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മന്ത്രിമാരും എംഎല്‍എമാരും ശമ്പളത്തിന്‍റെ 30 ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് ശിവരാജ് സിങ് ചൗഹാന്‍. മഹാമാരി നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ എല്ലാവരും സമ്മതിക്കുകയാണെങ്കില്‍ ശമ്പളത്തിന്‍റെ 30 ശതമാനം നല്‍കാമെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി അഭ്യര്‍ഥന നടത്തിയത്. ജനങ്ങള്‍ക്കും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ സമര്‍പ്പിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് മാസം ആദ്യ രണ്ടാഴ്‌ച കൂടി കൊവിഡ് പരിശോധനാ ക്യാമ്പയിന്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജൂലായ് 1 മുതല്‍ 31 വരെ ആദ്യഘട്ട ക്യാമ്പയിന്‍ പൂര്‍ത്തിയാക്കിയെന്നും രണ്ടാം ഘട്ടമായി ഓഗസ്റ്റ് 14 വരെ തുടരുന്ന പരിശോധനയില്‍ വൈറസ് വ്യാപനം ഒഴിവാക്കാനായി സാമൂഹ്യ അകലം ഉറപ്പാക്കുകയും മാസ്‌കുകള്‍ കര്‍ശനമാക്കുകയും ചെയ്യുമെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഈ കാലയളവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും പൊതുചടങ്ങില്‍ പങ്കെടുക്കില്ലെന്നും ശിലാസ്ഥാപന ചടങ്ങ്, ഭൂമി പൂജ, ഉദ്‌ഘാടനം, മറ്റ് പരിപാടികള്‍ എന്നിവ തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീഡിയോ കോണ്‍ഫറന്‍സ് വഴി പരിപാടികള്‍ നടത്താമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ആശുപത്രിയില്‍ ഏഴാമത്തെ ദിവസം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ചിരായു ആശുപത്രിയുടെ ഹെല്‍ത്ത് ബുള്ളറ്റിന്‍ പറയുന്നു.