ചെന്നൈ: കൊവിഡ് 19 അണുബാധ പൊതുജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കുന്നു. അണുബാധയേക്കാൾ കൂടുതൽ 'കൊവിഡ് വൈറസ് സ്പ്രെഡ്സ്' എന്ന ഭയം ജനങ്ങൾക്കിടയിൽ പടർന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തിൽ കോഴി ഇറച്ചിയിലൂടെയാണ് കൊവിഡ് 19 പടർന്നു പിടിക്കുന്നതെന്ന തരത്തിൽ നിരവധി വ്യാജ വാർത്തകളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ആളുകൾ അവരുടെ ദൈനംദിന മെനുവിൽ നിന്ന് കോഴി ഇറച്ചിയും മുട്ടയും ഒഴിവാക്കാൻ തുടങ്ങിയതോടെ വിപണിയിൽ ഇതിന്‍റെ വില കുത്തനെ ഇടിഞ്ഞു. ഇറച്ചി കോഴി വിൽപ്പനക്കാർക്ക് ഇത് വലിയ നഷ്‌ടമാണ് ഉണ്ടാക്കിയത്.
കൊവിഡ് 19 അണുബാധ കോഴി ഇറച്ചിയിലൂടെ മനുഷ്യരിലേക്ക് പടരില്ലെന്ന് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി 100 കിലോ കോഴി ഇറച്ചി ഉപയോഗിച്ച് ചിക്കൻ ഫ്രൈ തയ്യാറാക്കി പൊതുജനങ്ങൾക്ക് സൗജന്യമായി നൽകുകയാണ് നമക്കൽ ജില്ലയിലെ മണികണ്ഠൻ. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് സൗജന്യമായി ഇദ്ദേഹം ചിക്കൻ ഫ്രൈ കൊടുക്കുന്നത്. തനിക്കിത് നഷ്‌ടമാണെങ്കിലും മൂന്ന് ദിവസം കൂടി ചിക്കൻ ഫ്രൈ കൊടുക്കുന്നത് തുടരുമെന്ന് മണികണ്ഠൻ ഇടിവി ഭാരതിനോട് പറഞ്ഞു.
മൂന്ന് കിലോ കോഴി ഇറച്ചി വെറും 99 രൂപക്കാണ് വിൽക്കുന്നതെന്ന് പ്രദേശ വാസിയായ സത്യരാജ് പറഞ്ഞു. പൊതുജനങ്ങളിൽ അവബോധം വളർത്താൻ നടപടിയെടുക്കണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വ്യാജ പ്രചാരണം നടത്തിയ ഒരാളെ നമക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.