ന്യൂഡൽഹി: സര്‍ക്കാര്‍ ഷെൽട്ടർ ഹോമുകളിലെ കുട്ടികളുടെ അവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. തമിഴ്‌നാട്ടില്‍ സർക്കാർ ഷെൽട്ടർ ഹോമിലെ 35 കുട്ടികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവു, കൃഷ്‌ണ മുറാരി, എസ്.രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് തമിഴ്‌നാട്ടിലെ ഷെല്‍ട്ടര്‍ ഹോമിലെ മറ്റ് കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനായി എടുത്ത നടപടികളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയത്. മറ്റ് സംസ്ഥാനങ്ങൾ ജൂലൈ ആറിനകവും തമിഴ്‌നാട് സർക്കാര്‍ ജൂൺ 15നകവും റിപ്പോർട്ട് സമർപ്പിക്കണം. തമിഴ്‌നാട്ടിലെ രോയപുരത്തെ സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമിലെ 35 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തില്‍ സുപ്രീകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഷെല്‍ട്ടര്‍ ഹോമിന്‍റെ വാര്‍ഡനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഹൈക്കോടതികളുടെ ജുവനൈൽ ജസ്റ്റിസ് കമ്മിറ്റികൾ സംസ്ഥാന സർക്കാരുകളില്‍ നിന്ന് ഷെല്‍ട്ടര്‍ ഹോമുകളിലെ കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.