ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ട്രെയിൻ കോച്ചുകളില്‍ ഐസൊലേഷൻ വാർഡുകളുമായി ഇന്ത്യൻ റെയില്‍വേ. 5000 കോച്ചുകളിലായി 80000 ബെഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയിലാണ് ഇത്. രണ്ടാഴ്ചകൊണ്ടാണ് റെയിൽവേ ദൗത്യം പൂർത്തീകരിച്ചത്. നിലവിൽ ഇതുവരെ ആരേയും ട്രെയിൻ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും രോഗികളുടെ വർധനവ് ആശുപത്രികൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ആണെങ്കിൽ മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്തൂ എന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ലോക് ഡൗൺ നടപ്പാക്കിയിട്ടും രോഗികളുടെ എണ്ണത്തിൽ കുറവ് വരാതായതോടെയാണ് ട്രെയിനുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റാമെന്ന ആശയം രൂപപ്പെട്ടത്. വിവധ സോണുകളിലായി ഒരു ദിവസം ശരാശരി 375 കോച്ചുകളാണ് ഐസൊലേഷൻ വാർഡുകളാക്കി മാറ്റിയത്. ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും സ്വീകരിച്ചതായും ഏറ്റവും മികച്ച താമസവും മെഡിക്കൽ മേൽനോട്ടവും ഉറപ്പാക്കുമെന്നും റെയിൽവേ അറിയിച്ചു.