കൊവിഡ്-19 മഹാമാരി മൂലം ലോകത്താകമാനമായി സംഭവിച്ചു കൊണ്ടിരിക്കുന്ന മരണങ്ങള്‍ 10 ലക്ഷം കടന്നിരിക്കുന്നു. ആഗോള രാഷ്ട്രങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് സംയുക്തമായൊരു ശ്രമം ഇതിനെതിരെ നടത്തുന്നില്ലെങ്കില്‍ മരണ സംഖ്യ 20 ലക്ഷവും കടന്നു പോകാമെന്ന് മുന്നറിയിപ്പ് നല്‍കുന്നു ലോകാരോഗ്യ സംഘടന. “ഈ പ്രതിസന്ധി മറികടക്കാന്‍ ഒരു സംയുക്ത ആക്രമണത്തിന് നമ്മള്‍ എല്ലാവരും തയ്യാറാണോ?'' എന്നതാണ് ഇപ്പോള്‍ ഉന്നയിക്കപ്പെടുന്ന ചോദ്യം. “എല്ലാവരും സുരക്ഷിതരാവുന്നതു വരെ ആരും തന്നെ സുരക്ഷിതരല്ല,'' എന്ന വസ്തുത ഉള്‍ക്കൊള്ളാതെ മുന്നോട്ട് പോകുന്ന ചില രാജ്യങ്ങളുടെ ഏകപക്ഷീയമായ സമീപനങ്ങളില്‍ പിഴവ് കണ്ടെത്തുന്നുണ്ട് ലോകാരോഗ്യ സംഘടന. വെറും 4650 മാത്രമാണ് കൊവിഡിന്‍റെ ജന്മ നാടായ ചൈനയിലെ മരണ സംഖ്യ. അതേസമയം ഈ മഹാമാരിയുടെ പിടിയില്‍ അമര്‍ന്നു കഴിഞ്ഞിരിക്കുന്ന സൂപ്പര്‍ പവര്‍ അമേരിക്ക രണ്ട് ലക്ഷത്തിലധികം മരണങ്ങള്‍ കണ്ടു കൊണ്ട് ഇപ്പോഴും പ്രയാസങ്ങള്‍ അനുഭവിച്ചു വരികയാണ്. ഇന്ത്യയും അതേ പാതയില്‍ തന്നെയാണ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. ഇനി ഒരാഴ്ച കൂടി പിന്നിടുന്നതോടെ ഇന്ത്യയിലെ മരണ സംഖ്യ ഒരു ലക്ഷം കടക്കുവാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.
കൊറോണ ബാധയില്‍ നിന്നും മുക്തരാവുന്നവരുടെ എണ്ണത്തില്‍ വർധന ഉണ്ടാകുന്നതും മരണ നിരക്ക് കുറഞ്ഞു കൊണ്ടിരിക്കുന്നതും പ്രതീക്ഷ നല്‍കുന്ന ചില സംഭവ വികാസങ്ങളാണെങ്കിലും ദിവസേന ഉണ്ടായി കൊണ്ടിരിക്കുന്ന കൊറോണ കേസുകളുടെ എണ്ണത്തിലെ വര്‍ധന പുതിയ ഒരു വെല്ലുവിളിയായി മുന്നിലെത്തിയിരിക്കുന്നു. ഈ വിനാശകാരിയായ മഹാമാരിയുടെ ഇരകള്‍ക്ക് കൃത്യമായ വൈദ്യ പരിചരണം ലഭ്യമാക്കുക എന്നുള്ളത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെങ്കില്‍, ജാഗരൂകരായ പൊതു ജനങ്ങളുടെ അവബോധവും സുരക്ഷ ഉറപ്പാക്കലും കൊണ്ടു മാത്രമേ മഹാമാരിയുടെ യഥാര്‍ത്ഥത്തിലുള്ള പടര്‍ന്നു പിടിക്കല്‍ ഒഴിവാക്കാന്‍ കഴിയൂ. മാസ്‌ക് ധരിക്കേണ്ടത് വളരെ അനിവാര്യമായ കാര്യമാണെന്ന് രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനം പേര്‍ക്കും അറിയാമെങ്കിലും അത് ഉപയോഗിക്കുന്നവരുടെ എണ്ണം വെറും 44 ശതമാനം മാത്രമാണ് എന്നുള്ളത് ശരിക്കും ദുഃഖകരമായ കാര്യമാണ്. മാസ്‌ക് ധരിച്ചാല്‍ ശ്വാസം മുട്ടുമെന്നുള്ള ബാലിശമായ വാദങ്ങളും ശാരീരിക അകലം ഞങ്ങള്‍ പാലിക്കുന്നുണ്ടെന്നതിനാല്‍ മാസ്‌ക് ധരിക്കേണ്ടതില്ല എന്നുള്ള ചിന്തയും ഒക്കെ കൊവിഡിനെ ക്ഷണിച്ചു വരുത്തലായി മാറുന്നു. അത്തരം സമീപനങ്ങള്‍ ജനങ്ങളുടെ ആരോഗ്യം വെച്ചുള്ള കളിയായി മാറിയിരിക്കുന്നു.
എന്നാണ് കൊവിഡ് നിയന്ത്രണ വിധേയമാകാന്‍ പോകുന്നത് എന്നുള്ളതാണ് ഇന്ന് മാനവരാശിയെ വേട്ടയാടി കൊണ്ടിരിക്കുന്ന ചോദ്യം. ലോകത്തെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് നിര്‍മ്മാതാക്കളായ ഇന്ത്യ എല്ലാ രാജ്യങ്ങള്‍ക്കും വേണ്ട കൊവിഡ് മരുന്നുകള്‍ നിര്‍മ്മിക്കുവാനും വിതരണം ചെയ്യുവാനും കഴിവുള്ള രാജ്യമാണെന്നും അതിനു തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറയുകയുണ്ടായി. മാത്രമല്ല, അത്തരം മരുന്നുകള്‍ സംഭരിച്ചു വെക്കുവാനുള്ള കഴിവുകള്‍ വർധിപ്പിക്കുന്നതിനായി ബന്ധപ്പെട്ട രാജ്യങ്ങള്‍ക്കെല്ലാം തന്നെ പിന്തുണ നല്‍കും ഇന്ത്യ എന്നും അദ്ദേഹം ഈയിടെ ഉറപ്പ് നല്‍കിയിട്ടുണ്ട്. “രാജ്യത്തെ ഓരോ പൗരന്മാരിലും പ്രതിരോധ മരുന്ന് എത്തിക്കണമെന്നുണ്ടെങ്കില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് അടുത്ത വര്‍ഷം 80000 കോടി രൂപ ചെലവഴിക്കേണ്ടി വരും. സര്‍ക്കാരിന്‍റെ പക്കല്‍ ഇത്രയും പണം ഉണ്ടോ?'' എന്നു ചോദിക്കുന്നു സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സി ഇ ഒ ആയ അഡാര്‍ പൂനാവാല. ഭാരത് ബയോടെക്, സൈഡസ് കാഡില, സീറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രതിരോധ മരുന്നുകളാണ് മനുഷ്യരിലെ പരീക്ഷണ ഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്. രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കായി ഒരു ശാസ്ത്രീയവും ഏകോപിതവുമായ ആരോഗ്യ പരിപാലന തന്ത്രം ആവിഷ്‌കരിക്കേണ്ടതുണ്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ. ഘട്ടം ഘട്ടമായി എല്ലാ ജില്ലകളിലേക്കും പ്രതിരോധ മരുന്നുകള്‍ എത്തിക്കുവാനുള്ള ഒരു പദ്ധതിയെ കുറിച്ച് കേന്ദ്രം പരിഗണിച്ചു വരുന്നതായി ചില വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്. 1978-ല്‍ നടപ്പില്‍ വരുത്തിയ സാര്‍വലൗകിക പ്രതിരോധ പദ്ധതിയെ ഉപയോഗപ്പെടുത്തി കൊണ്ടായിരിക്കും ഇത് നടപ്പാക്കുക. സമയത്തെ വെല്ലുവിളിച്ചു കൊണ്ട് ഈ ജീവന്‍ രക്ഷാ പ്രതിരോധ മരുന്ന് ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയും തങ്ങള്‍ക്ക് എന്ന് രാജ്യത്തെ മരുന്ന് നിര്‍മ്മാണ വമ്പന്മാര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അതോടൊപ്പം തന്നെ ലോകത്തിന്‍റെ ആവശ്യങ്ങളും നിറവേറ്റി കൊടുക്കുവാന്‍ കഴിയുമെന്നും അവര്‍ പറയുന്നു. ഏത് പ്രതിരോധ മരുന്നായിരിക്കും കൊറോണക്കെതിരെ പ്രതിരോധം സൃഷ്ടിക്കുകയും സുരക്ഷാ നിലവാരങ്ങള്‍ പുലര്‍ത്തുകയും ചെയ്യുക എന്ന കാര്യം ഗവേഷണങ്ങള്‍ ഇതുവരെ ഉറപ്പാക്കിയിട്ടില്ല എങ്കിലും 130 കോടി ഡോസുകള്‍ വാങ്ങുവാനുള്ള മുന്‍ കൂര്‍ കരാറുകളില്‍ ഇപ്പോള്‍ തന്നെ ഏര്‍പ്പെട്ടു കഴിഞ്ഞിരിക്കുന്നു യുണൈറ്റഡ് സ്‌റ്റേറ്റ്‌സും യൂറോപ്പും ബ്രിട്ടനും ജപ്പാനുമൊക്കെ. മുന്‍ കാലങ്ങളില്‍ എന്ന പോലെ സമ്പന്ന രാജ്യങ്ങള്‍ മാത്രം എല്ലാ മരുന്നുകളും കൈക്കലാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിനായി വാക്‌സിന്‍ അലയന്‍സുമായി കൈകോര്‍ത്തിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ദരിദ്രവും മധ്യവര്‍ഗ്ഗവുമായ രാജ്യങ്ങള്‍ക്ക് 200 കോടി ഡോസുകള്‍ ലഭ്യമാക്കുന്നതിനുള്ള ആസൂത്രണങ്ങളും അവര്‍ നടത്തി കഴിഞ്ഞു. ശരിയായ പ്രതിരോധ മരുന്ന് ലഭ്യമാകുന്നതു വരെ “ഒരു സംഘത്തിലെ ഒരാൾക്ക് വേണ്ടി എല്ലാവരും നിലനിൽക്കുമ്പോള്‍, എല്ലാവര്‍ക്കും വേണ്ടി ഓരോരോരുത്തരും നിലകൊള്ളും'' എന്ന ബോധത്തോടെ മുന്‍ കരുതല്‍ നടപടികള്‍ കൈകൊള്ളേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമായ കാര്യമായിരിക്കുന്നു.