ന്യൂഡല്‍ഹി: കൊവിഡ് സ്ഥിരീകരിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്‍റെ ആരോഗ്യനില ഗുരുതരം. അദ്ദേഹത്തിന് ഓക്‌സിജന്‍ പിന്തുണ നല്‍കി തുടങ്ങി. രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ചികികിത്സ. ശ്വാസകോശത്തിലെ അണുബാധ കൂടിയതിനെ തുടര്‍ന്ന് ഓക്‌സിജന്‍ പിന്തുണ നല്‍കി തുടങ്ങുകയായിരുന്നുവെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ശ്വാസതടസവും കടുത്ത പനിയേയും തുടര്‍ന്ന് ജൂണ്‍ 15നാണ് സത്യേന്ദര്‍ ജെയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിലെ അണുബാധ കൂടിയതിനെ തുടര്‍ന്ന് വെള്ളിയാഴ്‌ച അദ്ദേഹത്തിന്‍റെ നില വഷളാവുകയായിരുന്നു. ജൂണ്‍ 17നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. പനി ഇപ്പോഴും തുടരുന്നുവെന്നും മറ്റേതെങ്കിലും ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റണ്ടി വന്നേക്കാമെന്നും ഡോക്‌ടര്‍മാര്‍ പറയുന്നു. തുടര്‍ച്ചയായ ഓക്‌സിജന്‍ പിന്തുണ നല്‍കിയിട്ടും ന്യുമോണിയ വര്‍ധിക്കുന്നതായി സിടി സ്‌കാനില്‍ കാണുന്നതായി ഡോക്‌ടര്‍മാര്‍ പറയുന്നു. നേരത്തെ ആരോഗ്യമന്ത്രിയുടെ നില മെച്ചപ്പെട്ടു വരികയാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരുന്നു.