ന്യൂഡൽഹി: കൊവിഡ് 19 പകർച്ച വ്യാധിയെത്തുടർന്ന് അമേരിക്കയിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യൻ പൗരന്മാരെയും സുരക്ഷിതരായി തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയിൽ ഹർജി. ജസ്റ്റിസുമാരായ മൻമോഹൻ, സഞ്ജീവ് നരുല എന്നിവരടങ്ങിയ ബെഞ്ച് വീഡിയോ കോൺഫറൻസിലൂടെ രാവിലെ വാദം കേട്ടു.
കൊവിഡ് 19നെത്തുടർന്ന് മാർച്ച് 20ന് രാജിവെയ്ക്കാൻ തൊഴിലുടമ ആവശ്യപ്പെട്ടതിനെത്തുടർന്ന് യുഎസിൽ കുടുങ്ങിക്കിടക്കുന്ന മകള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞുകൊണ്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് അപേക്ഷ സമര്‍പ്പിച്ചത്. വിമാന സർവീസുകൾ നിരോധിച്ചതിനാൽ ഇന്ത്യയിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. കൊവിഡ് 19 നെത്തുടര്‍ന്ന് യുഎസിൽ ജോലി ചെയ്തിരുന്നവരും ഇപ്പോൾ തൊഴിലില്ലായ്മയിൽ കുടുങ്ങിക്കിടക്കുന്നവരുമായ നിരവധി ഇന്ത്യൻ പൗരന്മാരുടെ അവസ്ഥയും ഇതുതന്നെയാണ്. അഭിഭാഷകൻ ഗൗരവ് കുമാർ ബൻസൽ വഴിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
അപേക്ഷകരുടെ 24 കാരിയായ മകൾ യാസ്‌മിന്‍ താഹിറ ഹുസൈന് മാർച്ച് 20 മുതൽ രണ്ട് മാസം മാത്രമേ യുഎസില്‍ നിന്ന് പുറപ്പെടാൻ എച്ച്1 ബി വിസ വ്യവസ്ഥകൾ ഉള്ളൂവെന്നും അപേക്ഷയിൽ പറയുന്നു. യാത്രാ നിരോധനം കൂടുതൽ നീട്ടിയാൽ യുഎസ്എ വിടുന്നത് ബുദ്ധിമുട്ടാണെന്നും ഭക്ഷണമോ വാടകയോ താങ്ങാൻ കഴിയാത്തവിധം സ്ഥിരമായ ഒരു വരുമാന മാർഗ്ഗമില്ലാതെ അവർക്ക് അവിടെ അധികകാലം നിലനിൽക്കാനാവില്ലെന്നും ഹര്‍ജിയിൽ പറയുന്നു.