ദിസ്‌പൂര്‍: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്കായി ഉത്തര- പൂർവ റെയിൽവേ (എൻഎഫ്‌ആർ) 20,000 മാസ്‌കുകളും 800 ലിറ്ററിൽ അധികം ഹാൻഡ് സാനിറ്റൈസറുകളും നിർമിച്ച് നൽകി. വീട്ടിലിരുന്ന് പണിയെടുക്കുന്ന ജീവനക്കാർ മാസ്‌കുകളും എൻഎഫ്‌ആറിന്‍റെ വിവിധ ഡിപ്പോകളിൽ ജോലി ചെയ്യുന്നവർ ഹാൻഡ് സാനിറ്റൈസറുകളും നിർമിച്ച് നൽകിയെന്ന് റെയിൽവേ അധികൃതർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ഏപ്രിൽ ഒന്നുവരെ ഇന്ത്യൻ റെയിൽവേ രാജ്യത്താകമാനം നിർമിച്ചത് 2.87 ലക്ഷം മാസ്‌കുകളും 25,806 ലിറ്റർ ഹാൻഡ് സാനിറ്റൈസറുകളുമാണ്.
അഗർത്തല, അലിപൂർദുർ, ലംഡിംഗ്, സിൽചാർ, കതിഹാർ, ടിൻസുകിയ, രംഗിയ എന്നിവിടങ്ങളിൽ നിന്നാണ് മാസ്‌കുകളുടെ നിർമാണം. കൂടാതെ, മാർച്ച് 25 വരെ 200ൽ കൂടുതൽ ഭക്ഷ്യധാന്യങ്ങൾ അടങ്ങുന്ന ചരക്കുകൾ എത്തിച്ചിരുന്നതായും റെയിൽവേ പ്രസ്‌താവനയിൽ വ്യക്തമാക്കി.