ഹൈദരാബാദ്: രാജ്യത്തെ ആക്‌ടീവ് കൊവിഡ് കേസുകൾ 3,59,506 ആയി. 1,86,934 പേർ രോഗത്തിൽ നിന്ന് മുക്തരായപ്പോൾ 11,903 പേർ കൊവിഡ് മൂലം മരിച്ചു.
ഡൽഹി* ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന് കൊവിഡ് സ്ഥിരീകരിച്ചു. കടുത്ത പനിയും ശ്വാസതടസ പ്രശ്‌നങ്ങളെയും തുടർന്ന് ചൊവ്വാഴ്‌ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജീവ് ഗാന്ധി ആശുപത്രിയിലാണ് മന്ത്രി ചികിത്സ തേടിയത്. ഡൽഹിയിലെ ജില്ലാ മജിസ്ട്രേറ്റാകും ജില്ലയിലെ കൊവിഡിനെ സംബന്ധിക്കുന്ന തീരുമാനങ്ങൾ എടുക്കുകയെന്ന് ഡൽഹി സർക്കാരും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള യോഗത്തിന് ശേഷം തീരുമാനമായി.
കേരളം* വിദേശ രാജ്യങ്ങളിൽ നിന്നും തിരികെ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കേരള സർക്കാർ നിർബന്ധമാക്കി. വിമാനങ്ങളിൽ വെച്ച് രോഗം പകരുന്ന സാഹചര്യം ഇതുമൂലം ഒഴിവാക്കാനാകും.
കർണാടക* സംസ്ഥാനത്തെ ആദ്യത്തെ കൊവിഡ് മുക്തയായ രോഗി പ്ലാസ്‌മ തെറാപ്പിക്ക് ശേഷം വീട്ടിലേക്ക് തിരിച്ചു. എട്ട് മരണം കൂടി സംഭവിച്ചതോടെ കർണാടകയിലെ കൊവിഡ് മരണ സംഖ്യ 100 ആയി. സംസ്ഥാനത്ത് പുതുതായി 204 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7734 ആയി. 348 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗമുക്തരായവരുടെ എണ്ണം 4804 ആയി.
മഹാരാഷ്‌ട്ര* മുംബൈയിൽ കൊവിഡിനെ തുടർന്ന് ഏഴ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ മരിച്ചു. 1500 സെക്യൂരിറ്റി ജീവനക്കാരുള്ള ബിഎംസിയിൽ 114 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൂനെയിൽ 1024 കിടക്കകളുള്ള ആശുപത്രി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉദ്ഘാടനം ചെയ്‌തു.
തമിഴ്‌നാട്* തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ബി.ജെ ദാമോദരൻ കൊവിഡ് മൂലം മരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
രാജസ്ഥാൻ* രണ്ടര മാസമായി റെഡ് സോണിൽ തുടരുന്ന കോട്ട ജില്ല ഓറഞ്ച് സോണിലേക്ക് മാറി. ജില്ലയിൽ ഒരു ആക്‌ടീവ് കേസ് മാത്രമാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം കോട്ടയിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ചൊവ്വാഴ്‌ച 19 പേർ രോഗമുക്തരായവരിൽ 16 പേർ കോട്ടയിൽ നിന്നുള്ളവരായിരുന്നു.
ഉത്തർ പ്രദേശ്* 18 ബറ്റാലിയനിലെ അഞ്ച് ഐറ്റിബിപി ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബറ്റാലിയനിലെ കൊവിഡ് രോഗികളുടെ എണ്ണം ഒമ്പത് ആയി. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 14,724 ആയി. ആഗ്രയിൽ മൂന്ന് കൊവിഡ് മരണവും 18 പുതിയ കേസുകളും റിപ്പോർട്ട് ചെയ്‌തു. ഇതോടെ മരണസംഖ്യ 545 ആയി.
ഉത്തരാഖണ്ഡ്* സംസ്ഥാനത്ത് പുതുതായി 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഉത്തരാഖണ്ഡിലെ കൊവിഡ് ബാധിതരുടെ എണ്ണം 1985 ആയി. 1230 പേർ രോഗമുക്തരായെന്നും 25 പേരാണ് കൊവിഡ് മൂലം മരിച്ചതെന്നും സർക്കാർ വ്യക്തമാക്കുന്നു. അതേ സമയം 755 ആക്‌ടീവ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
ഒഡീഷ* 10 മുതൽ 20 പേരെ ഉൾക്കൊള്ളാവുന്ന കൊവിഡ് കെയർ സെന്‍ററുകൾ ഓരോ ഗ്രാമ പഞ്ചായത്തിലും നിർമിക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന് വികേന്ദ്രീകരണവും കമ്മ്യൂണിറ്റി അവബോധ പ്രവർത്തനങ്ങളും നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
ഹിമാചൽ പ്രദേശ് *സംസ്ഥാനത്ത് പുതുതായി പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 570 ആയി. നിലവിൽ 186 ആക്‌ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 365 പേരാണ് കൊവിഡിൽ നിന്നും മുക്തരായത്. ആറ് കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു.
മധ്യപ്രദേശ്* ഊർജ്ജ വകുപ്പിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മധ്യപ്രദേശ് മന്ത്രാലയത്തിൽ പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചു. ഇത് സംബന്ധിച്ച് ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഇതുവരെ മൂന്ന് പേർക്കാണ് രോഗം കണ്ടെത്തിയത്. ഭോപ്പാലിൽ സർക്കാർ ജീവനക്കാർക്ക് ഇടയിൽ കൊവിഡ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ബിഹാർ* ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ സംസ്ഥാനത്തേക്ക് തിരികെ വരുന്നതിനെ തുടർന്ന് റാൻഡം ടെസ്റ്റ് നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. രോഗം പടരാൻ സാധ്യതയുള്ള ആളുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ ടെസ്റ്റ് നടത്താനാണ് തീരുമാനം.
ഗുജറാത്ത്* മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ഗാന്ധിനഗറിലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മാസ്‌ക് ധരിക്കാതെ പ്രവേശിച്ച മന്ത്രി ഗുജറാത്ത് മന്ത്രി ഈശ്വരസിങ് പട്ടേൽ 200 രൂപ പിഴ നൽകി. വീടിന് പുറത്തേക്ക് പോകുന്നവർ മാസ്‌ക്ക് ധരിക്കണമെന്ന് സർക്കാർ ഉത്തരവ് നിലവിലുണ്ട്. ഈശ്വരസിങ് പട്ടേൽ ഒഴികെയുള്ള മന്ത്രിമാർ മാസ്ക്ക് ധരിച്ചുകൊണ്ടാണ് മന്ത്രിസഭാ യോഗത്തിന് എത്തിയത്.
ജാർഖണ്ഡ് * 25കാരിയായ യുവതി കൊവിഡ് മൂലം മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ പത്തായി. 30 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 1793 ആയി. 1000 പേർ രോഗമുക്തരായി.