ബെംഗളൂരു : കൊവിഡ് -19 പശ്ചാത്തലത്തിൽ യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്. മാർച്ച് 23 മുതൽ 31 വരെയാണ് നിയന്ത്രണം. പൊതുജനാരോഗ്യം, പൊലീസ്, മറ്റ് സുരക്ഷാ സേവനങ്ങൾ, ജലവിതരണം, വൈദ്യുതി, ഗതാഗതം, മുനിസിപ്പൽ, സർക്കാർ സേവനങ്ങൾ തുടങ്ങിയ അവശ്യ സേവനങ്ങൾ നിർവഹിക്കുന്ന വ്യക്തികളാണ് മെട്രോ സേവനങ്ങൾ പ്രധാനമായും ഉപയോഗിക്കേണ്ടത്. ഇത്തരത്തിലുള്ളവർ തിരിച്ചറിയൽ കാർഡുകൾ കരുതേണ്ടതുണ്ടെന്നും നിർദ്ദേശമുണ്ട്.
അവശ്യ സേവനങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്നവർക്ക് തിങ്കളാഴ്ച രാവിലെ 6 മുതൽ രാവിലെ 8 വരെ 10 മിനിറ്റ് ഇടവിട്ടാണ് മെട്രോ സമയം ക്രമീകരിച്ചിരിക്കുന്നത്. ഒഴിവാക്കാനാവാത്തതും അത്യാവശ്യവുമായ യാത്രയിലുള്ളവർക്ക് 5 മിനിറ്റ് ഇടവിട്ട് രാവിലെ 8 മുതൽ 10 വരെ ട്രയിൻ സർവ്വീസ് നടത്തും. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ സേവനമുണ്ടാകില്ല. 10 മിനിറ്റ് ഇടവിട്ട് വൈകുന്നേരം 4 മുതൽ 5 വരെ, 5 മിനിറ്റ് ഇടവിട്ട് 5 മുതൽ 7 വരെ. 10 മിനിറ്റ് ഇടവിട്ട് രാത്രി 7 മുതൽ 8 വരെ സർവ്വീസ് നടത്തും. രാത്രി 8 മുതൽ അടുത്ത ദിവസം രാവിലെ 6 വരെയും സേവനം ഉണ്ടാകില്ല.