ചന്ദ്രാപൂര്‍: തെലങ്കാന-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ കഴിയുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ വാഹന സൗകര്യമൊരുക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. കൊവിഡ് 19 നിയന്ത്രണത്തിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ കുടങ്ങിയവര്‍ക്ക് ഇ.ടി.വി ഭാരത് വാര്‍ത്തയാണ് തുണയായത്.
കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര സ്വദേശികളായ ഒരു കൂട്ടം തൊഴിലാളികള്‍ തെലങ്കാന-മഹാരാഷ്ട്ര അതിര്‍ത്തിയായ ചന്ദ്രാപുരയില്‍ എത്തിയത്. തൊഴിലാളി മാഫിയകളാണ് ഇവരില്‍ പലരേയും ഇവിടെ എത്തിച്ചത്. ഇതിനായി 1000 രൂപയും മാഫിയ ഈടാക്കി. അതിര്‍ത്തിയിലെത്തിയ തൊഴിലാളികളെ സംസ്ഥാനത്തേക്ക് കടത്തി വിടില്ലെന്ന് മഹാരാഷ്ട്ര പൊലീസ് നിലപാടെടുത്തു. പലരും നൂറ് കണക്കിന് കിലോമീറ്ററുകള്‍ കാല്‍ നടയായാണ് അതിര്‍ത്തിയില്‍ എത്തിയത്.
ഇതോടെ ഇ.ടി.വി ഭാരത് മഹാരാഷ്ട്ര മന്ത്രി വിജയ് വേദേത്വറുമായി ബന്ധപ്പെട്ടു. സംഭവത്തില്‍ ഇടപെട്ട മന്ത്രി തൊഴിലാളികളെ അവരുടെ നാട്ടില്‍ എത്തിക്കാനായി വാഹനം ഒരുക്കി നല്‍കുകയായിരുന്നു. രാജ്യവ്യാപകമായി നിലനില്‍ക്കുന്ന ലോക്ക് ഡൗണില്‍ നിരവധി തൊഴിലാളികളാണ് കുടുങ്ങി കിടക്കുന്നത്. ദിവസങ്ങളായി ഇവര്‍ക്ക് ജോലി ലഭിച്ചിട്ടില്ല. ഇനി എന്ന് ജോലിക്ക് എത്താന്‍ കഴിയും എന്ന ആശങ്കയും പലരേയും അലട്ടുന്നുണ്ട്. ഇതോടെയാണ് തൊഴിലാളികള്‍ സ്വദേശങ്ങളിലേക്ക് പോകാന്‍ ശ്രമം ആരംഭിച്ചത്. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്.