ഷില്ലോംഗ്: ലോക്ക് ഡൗൺ മൂലം ഉണ്ടാകുന്ന അപ്രതീക്ഷിത സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യാനായി അധിക എക്സൈസ് വരുമാനം ഉണ്ടാക്കുന്നതിന് മദ്യവില 25 ശതമാനം വർധിപ്പിക്കാൻ മേഘാലയ സർക്കാർ അനുമതി നൽകി. മദ്യത്തിന്‍റെ വില വർധിപ്പിച്ചതു വഴി ഏകദേശം 120-130 കോടി രൂപ വരെ അധിക വരുമാനം കണ്ടെത്താൻ കഴിയുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. കൊവിഡ് ജാഗ്രതാ നടപടികളുടെ ഭാഗമായി നിർത്തിവച്ചിരുന്ന മദ്യവിൽപന സംസ്ഥാനത്ത് ഈ ആഴ്‌ചയാണ് പുനരാരംഭിച്ചത്. വർധിപ്പിച്ച വില കഴിഞ്ഞ ദിവസം അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരികയും ചെയ്‌തു. വാറ്റ് ഒഴികെയുള്ള മദ്യ വിൽപനയിൽ നിന്നും 2019-2020 സാമ്പത്തിക വർഷത്തിൽ 260 കോടി രൂപയുടെ വരുമാനം ലഭിച്ചിരുന്നതായും വില വർധനവിലൂടെ 130 കോടി രൂപ വരെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കോൺറാഡ് കെ.സാങ്മ വ്യക്തമാക്കി.
മദ്യ വിൽപന പുനരാരംഭിക്കാൻ ഈ കഴിഞ്ഞ തിങ്കളാഴ്‌ചയാണ് കേന്ദ്രം അനുമതി നൽകിയത്. തുടർന്ന് ആറ് കോടി രൂപയുടെ വരുമാനം സംസ്ഥാനത്തിന് മദ്യം വിറ്റഴിച്ചതിലൂടെ ലഭിച്ചുവെന്ന് മേഘാലയ ഉപമുഖ്യമന്ത്രി പ്രിസ്‌ടോണ്‍ ടിന്‍സോങ് പറഞ്ഞു. ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലും ഇതിനകം തന്നെ മദ്യവില ഉയർത്തിയിട്ടുണ്ട്.