ന്യൂഡൽഹി: കൊവിഡ് 19 മഹാമാരി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വൈറസിന്‍റെ സമൂഹവ്യാപനം തടയാൻ നീണ്ട 21 ദിവസത്തെ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണണ്. രോഗത്തിന്‍റെ വ്യാപനവും കർഫ്യുവും തന്‍റെ മാതാപിതാക്കളെ ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് ഒഡീഷ സ്വദേശിയായ രോഹിത് കുമാർ.
27കാരനായ രോഹിതിന്‍റെ വിവാഹം ഏപ്രിലിൽ നടത്താനാണ് നിശ്ചയിച്ചത്. കർഫ്യൂ നിയന്ത്രണങ്ങൾ അപ്പോഴേക്കും പൂർണമാകുമെന്നും അതിനാൽ നിരവധിയാളുകളുടെ സാന്നിധ്യത്തിൽ വിവാഹം നടത്തണമെന്നുമാണ് രോഹിത്തിന്‍റെ മാതാപിതാക്കളുടെ ആവശ്യം. ആളുകളുടെ ഒത്തുച്ചേരൽ കർഫ്യൂവിന് ശേഷവും അപകടകരമാണെന്നതിനാൽ തീർത്തും ലളിതമായി വിവാഹ ചടങ്ങ് നടത്തണമെന്ന രോഹിത്തിന്‍റെ ആവശ്യം മാതാപിതാക്കൾ അംഗീകരിക്കുന്നില്ല. അതിനാൽ മോദി ആരാധകരായ മാതാപിതാക്കൾ പ്രധാനമന്ത്രി ആവശ്യപ്പെട്ടാൽ അനുസരിക്കുമെന്നാണ് ഒഡീഷയിലെ ഗ്രാമ വികാസ് റെസിഡൻഷ്യൽ സ്‌കൂളിലെ സ്ട്രാറ്റജിസ്റ്റും മീഡിയ കോർഡിനേറ്ററുമായ രോഹിത് പറയുന്നത്. കൊവിഡ് ബാധിച്ച് ബുധനാഴ്‌ചയോടെ 12 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. രോഗ ബാധിതരുടെ എണ്ണം 500 കടക്കുകയും ചെയ്‌തു.