റായ്‌ഗഢ്: ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ചയാളുടെ വണ്ടി തടഞ്ഞ പൊലീസുകാരനെ കൂട്ടത്തോടെ ആക്രമിച്ച് നാട്ടുകാര്‍. ഛത്തീസ്‌ഗഢിലെ റായ്‌ഗഢ് ജില്ലയിലെ പുസോർ പൊലീസ് സ്റ്റേഷന് കീഴിലുള്ള കാത്‌ലി സ്‌ക്വയറിലാണ് സംഭവം. പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന കോൺസ്റ്റബിൾ ഹരീഷ് ചന്ദ്രയെയാണ് നാട്ടുകാര്‍ ആക്രമിച്ചത്.
മോട്ടോർ സൈക്കിളിൽ ഗ്രാമത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന തപാർഡ ഗ്രാമവാസിയായ നരേഷ് ജാൻജെയെ ചന്ദ്രയും സഹപ്രവർത്തകനും തടഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വാക്കു തര്‍ക്കത്തിലേര്‍പ്പെട്ട് മടങ്ങി പോയ ഇയാൾ സുഹൃത്തുക്കൾക്കൊപ്പം എത്തി പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 15 പേരടങ്ങുന്ന സംഘത്തിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 147 (കലാപം), 188 (പൊതുസേവകൻ കൃത്യമായി പ്രഖ്യാപിച്ച ഉത്തരവിനോടുള്ള അനുസരണക്കേട്)എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.