ന്യൂഡല്‍ഹി: ഞായറാഴ്‌ചയോടെ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 90 ശതമാനത്തിലെത്തിയതായി ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,077 പേരാണ് കൊവിഡ് മുക്തി നേടിയത്. 50,129 പുതിയ രോഗികളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. രോഗമുക്തി നിരക്ക് കൂടിയതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കഴിഞ്ഞ മൂന്ന് ദിവസമായി ഏഴ് ലക്ഷത്തില്‍ നിന്ന് മുകളിലേക്ക് കയറിയിട്ടില്ല. ഇതും രാജ്യത്തിന് ആശ്വാസം നല്‍കുന്ന കണക്കാണ്. ആകെ റിപ്പോര്‍ട്ട് ചെയ്‌ത കേസുകളില്‍ 8.50 ശതമാനം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 6,68,154 പേര്‍.
70,78,123 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് മുക്തി നേടിയത്. രോഗികളുടെയും രോഗമുക്തി നേടിയവരുടെയും എണ്ണം തമ്മിലുള്ള എണ്ണത്തില്‍ വലിയ വ്യത്യാസമാണ് കഴിഞ്ഞ ഏതാനും നാളുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 64 ലക്ഷത്തിന്‍റെ വ്യത്യാസമാണ് ഈ കണക്കില്‍ കാണുന്നത്. ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങളും കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്‌ചയായി ആയിരത്തില്‍ താഴെയാണ് പ്രതിദിന കൊവിഡ് മരണങ്ങളുടെ എണ്ണം ഒക്‌ടോബര്‍ രണ്ടിനാണ് അവസാനമായി പ്രതിദിന മരണനിരക്ക് 1100 കടന്നത്.
ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് മുക്തരില്‍ 75 ശതമാനവും മഹാരാഷ്‌ട്ര, കര്‍ണാടക, കേരളം, തമിഴ്‌നാട്, ബംഗാള്‍, ഡല്‍ഹി, ആന്ധ്രാ പ്രദേശ്, അസം, ഉത്തര്‍പ്രദേശ്, ചണ്ഡിഗഡ് എന്നീ പത്ത് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്‌ട്രയില്‍ പ്രതിദിനം പതിനായിരം പേർ വരെ രോഗമുക്തി നേടുന്നുണ്ട്.
പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 79 ശതമാനവും പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ്. കേരളത്തിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിദിനം എണ്ണായിരത്തോളം കേസുകള്‍ കേരളത്തില്‍ സ്ഥിരീകരിക്കുന്നുണ്ട്. ആറായിരത്തോളം കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്‌ട്രയാണ് രണ്ടാം സ്ഥാനത്ത്.
578 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതില്‍ 80 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്‌ട്രയില്‍ മാത്രം 137 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ 2003 ലാബുകളിലാണ് പ്രതിദിനം പരിശോധന നടത്തുന്നത്. ഇതില്‍ 1126 ലാബുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലും 877 എണ്ണം സ്വകാര്യ ലാബുകളുമാണ്.