ന്യൂഡൽഹി: ഇന്ത്യയിൽ പുതുതായി 8,380 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 1,82,143 ആയി. രാജ്യത്തെ ആകെ മരണസംഖ്യ 5,164 ആയി വർധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 193 രോഗികളാണ് കൊവിഡിന് കീഴടങ്ങിയത്. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 89,995 ആണ്. ഇതുവരെ 86,983 പേർ വൈറസ് ബാധയിൽ നിന്നും മുക്തരായി. ഇതോടെ ഇന്ത്യയിലെ രോഗമുക്തിയുടെ നിരക്ക് 47.75 ശതമാനമായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പുതുതായി റിപ്പോർട്ട് ചെയ്‌ത മരണങ്ങളിൽ 99 പേർ മഹാരാഷ്‌ട്രയിൽ നിന്നുള്ള രോഗികളാണ്. 27 രോഗികൾ ഗുജറാത്ത്, 18 പേർ ഡൽഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഒമ്പത് പേർ വീതവും പശ്ചിമ ബംഗാളിൽ നിന്ന് ഏഴു പേരും കൊവിഡ് ബാധിച്ച് മരിച്ചു. തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് ആറു പേർക്കാണ് കൊവിഡിൽ ജീവൻ നഷ്‌ടമായത്. ബിഹാറിൽ കഴിഞ്ഞ ദിവസം അഞ്ച് വൈറസ് ബാധിതരും ഉത്തർപ്രദേശിൽ നിന്നും മൂന്ന് പേരും പഞ്ചാബിൽ നിന്ന് രണ്ടു പേരും വൈറസ് ബാധിച്ച് മരിച്ചു. കേരളത്തിൽ നിന്നും ഹരിയാനയിൽ നിന്നും ഒരാൾ വീതം മരിച്ചു.