ഡൽഹി: ഫെബ്രുവരിയിൽ അവസാനിക്കുന്ന ഡ്രൈവിംഗ് ലൈസൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പെർമിറ്റുകൾ തുടങ്ങി എല്ലാ മോട്ടോർ വാഹന രേഖകളുടെയും കാലാവധി സെപ്റ്റംബർ 30 വരെ സാധുവായി തുടരും. കൊവിഡ് സഹചാര്യം കണക്കിലെടുത്താണ് തീരുമാനം. നേരത്തെ ജൂൺ 30 വരെ കാലാവധി നീട്ടിയിരുന്നു. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇത് സംബന്ധിച്ച ഉത്തരവിറക്കി.
ചൊവ്വാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ, ഫെബ്രുവരി ഒന്നിന് കാലാവധി കഴിഞ്ഞതോ 2020 സെപ്റ്റംബർ 30ന് ഉള്ളിൽ കാലാവധി കഴിയുന്നതോ ആയ രേഖകളുടെ സാധുത സെപ്റ്റംബർ 30 വരെ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. വിജ്ഞാപന പ്രകാരം ഫിറ്റ്നസ്, പെർമിറ്റ് (എല്ലാ തരങ്ങളും), ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ എന്നിവക്കെല്ലാം ഉത്തരവ് ബാധകമാണ്.
കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ, 1989 പ്രകാരം ഫീസ് സാധുതയിലും ഇളവുണ്ട്. മോട്ടോർ വെഹിക്കിൾസ് ആക്റ്റ് 1988 പ്രകാരം ലഭ്യമായ വ്യവസ്ഥകളോ മറ്റ് നിയമങ്ങൾക്ക് കീഴിൽ ലഭ്യമായ വ്യവസ്ഥകളോ പരിഗണിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.