ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജയിലുകളില്‍ രോഗം സ്ഥിരീകരിച്ച 141 പേരില്‍ 59 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ ജയില്‍ ഉദ്യോഗസ്ഥരായിരുന്നു. ഇവരില്‍ 28 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 53 തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ഡല്‍ഹി ഡയറക്ടർ ജനറൽ (പ്രിസൺസ്) സന്ദീപ് ഗോയൽ പറഞ്ഞു. ഇവരില്‍ 31 പേരും രോഗമുക്തി നേടി. 1984ലെ സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി മഹേന്ദർ യാദവ് ഉൾപ്പെടെ രണ്ട് തടവുകാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം ഡല്‍ഹിയില്‍ കൊവിഡ് കേസുകളുടെ എണ്ണം 99,444 ആയി. 2,244 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 71,339 പേര്‍ രോഗമുക്തി നേടി. 3,067 കൊവിഡ് മരണങ്ങളും ഇതിനോടകം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തു.