ലക്നൗ: കൊറോണ വൈറസ് പടരുന്നത് കണ്ടെത്താൻ സംസ്ഥാനത്ത് പ്രതിദിനം 40,000 ടെസ്റ്റുകൾ നടത്തണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. സംസ്ഥാനത്ത് പ്രതിദിനം 35000 ടെസ്റ്റുകൾ ഇപ്പോള്‍ നടക്കുന്നുണ്ട്. ഝാൻസി, കാൺപൂർ, വാരണാസി എന്നിവിടങ്ങളിൽ കൊവിഡ് -19 കേസുകൾ വർധിച്ചതോടെ ഈ മൂന്ന് ജില്ലകളിലേക്ക് വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ അയയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ അധിക ജാഗ്രത പാലിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
'കൊവിഡ് -19 സ്ഥിരീകരണ പരിശോധനകള്‍ പ്രതിദിനം 40,000 ആയി ഉയർത്തണം. പ്രതിദിനം 30,000 ആർടിപിസിആർ ടെസ്റ്റുകളും 10,000 ദ്രുത ആന്റിജൻ ടെസ്റ്റുകളും ഉണ്ടായിരിക്കണം' സംസ്ഥാനത്തെ കൊവിഡ് സ്ഥിതി അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മാസ്ക് ധരിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ബുധനാഴ്ച വരെ സംസ്ഥാനത്ത് 845 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സജീവമായ കേസുകളുടെ എണ്ണം 9,980 ആണെങ്കിൽ 20,331 പേരെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.