ഹൈദരാബാദ്: മൂന്ന് കൊവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ തെലങ്കാനയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 16 ആയി. വ്യാഴാഴ്‌ച ദുബായില്‍ നിന്നെത്തിയ ഒരാള്‍ക്കും ലണ്ടനില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കൊവിഡ് 19 സ്‌ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ചവരില്‍ ഒരാള്‍ മാത്രമാണ് ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ് ആയി വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്നത്. ബുധനാഴ്‌ച ഇന്തോനേഷ്യ സന്ദര്‍ശനം നടത്തിയ ഏഴ് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്‌ച രണ്ട് ദിവസം സംഘം കരിംനഗറില്‍ താമസിച്ചിരുന്നു. കരിം നഗറിലെ ഇവരുടെ വാസസ്ഥലവും പരിസര പ്രദേശങ്ങളും മെഡിക്കല്‍ വിദഗ്‌ധരടങ്ങുന്ന സംഘം സന്ദര്‍ശിച്ചിരുന്നു. മേഖലയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികള്‍ ശക്തപ്പെടുത്താന്‍ മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തിയത്.
മാര്‍ച്ച് 1 മുതല്‍ സംസ്ഥാനത്തെത്തിയവരെ കണ്ടെത്തി നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഈ മാസം അവസാനം വരെ മാളുകള്‍ , ബാറുകള്‍, പമ്പുകള്‍, സിനിമാശാലകളുമടക്കം അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിശകലനം ചെയ്യാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം കൂടുകയും ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുകയും ചെയ്‌തു. പൊതുയോഗങ്ങളും, സെമിനാറുകളും ,റാലികളും തുടങ്ങി ജനങ്ങള്‍ കൂടാനിടയുള്ള എല്ലാ പരിപാടികളും നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദേശമുണ്ട്. തെലങ്കാനയില്‍ മാര്‍ച്ച് 25 ന് നടത്താനിരുന്ന ഉഗാദി ആഘോഷങ്ങളും ഏപ്രില്‍ 2ന് നടക്കേണ്ട ശ്രീരാമ നവമി ആഘോഷങ്ങളും സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി ഉത്തരവിറക്കിയിട്ടുണ്ട്.