മുംബൈ: കൊവിഡ് 19 പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി സഹായം വാഗ്‌ദാനം ചെയ്‌ത് എയർ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യൻ പൈലറ്റ്സ് ഗിൽഡും (ഐപിജി) ഇന്ത്യൻ കൊമേഴ്‌സ്യൽ പൈലറ്റ്സ് അസോസിയേഷനും (ഐസിപിഎ) സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് പൈലറ്റ് യൂണിയനുകൾ വ്യക്തമാക്കി. തങ്ങളുടെ പൈലറ്റുമാർ ഇത്തരമൊരു ദുർഘട സാഹചര്യത്തിൽ സഹായിക്കുവാൻ പൂർണ സജ്ജരാണെന്ന് എയർ ഇന്ത്യ കേന്ദ്ര സർക്കാറിനെ അറിയിച്ചു. എയർ ഇന്ത്യ എല്ലായ്‌പ്പോഴും വെല്ലുവിളി നിറഞ്ഞ നിരവധി ദൗത്യങ്ങൾ ഏറ്റെടുക്കുകയും അതിൽ വിജയിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതിൽ അഭിമാനമുണ്ട്." ഇനിയും ഇങ്ങനെയുള്ള കാര്യങ്ങൾ ഏറ്റെടുക്കാൻ തയ്യാറാണെന്നും കത്തിൽ വ്യക്തമാക്കുന്നു.
ചൈനയിലെ വുഹാൻ, ജപ്പാൻ, ഇറ്റലിയിലെ മിലാൻ, റോം എന്നിവിടങ്ങളിൽ കുടുങ്ങിക്കിടന്ന ഇന്ത്യൻ വിദ്യാർഥികളെ രാജ്യത്തെത്തിക്കുന്നതില്‍ എയർ ഇന്ത്യ നിർണായക പങ്കുവഹിച്ചിരുന്നു. ടെൽ അവീവിൽ നിന്നും ഇസ്രേയൽ പൗരന്മാരെ അവരുടെ രാജ്യത്ത് എത്തിച്ചതും എയർ ഇന്ത്യയാണ്. കൂടാതെ, ഇൻഡിഗോ, സ്‌പൈസ്ജെറ്റ് എന്നീ വിമാനങ്ങളും കൊവിഡ് 19 ബാധിത പ്രദേശങ്ങളിൽ നിന്നും ആളുകളെ അവരുടെ സ്വദേശത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നതിൽ സഹായിച്ചിട്ടുണ്ട്.