ന്യൂഡൽഹി: സെൻട്രൽ റിസർവ് പൊലീസ് സേനയുടെ (സിആർപിഎഫ്) 68 ജവാന്മാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവർ കിഴക്കൻ ഡൽഹിയിലെ 31-ാം ബറ്റാലിയനിലെ ക്യാമ്പിലാണുള്ളത്. ഈ ബറ്റാലിയനിൽ മാത്രം 122 ജവാന്മാർക്കാണ് കൊവിഡ് ബാധിച്ചത്.
31-ാം ബറ്റാലിയനിൽ ഇത്രയധികം രോഗികൾ ഉണ്ടാകാനുള്ള സാഹചര്യം ഡയറക്ടറേറ്റ് ജനറൽ (ഡിജി) സിആർപിഎഫ് എ.പി മഹേശ്വരി അധ്യക്ഷനായ യോഗത്തിൽ ചർച്ച ചെയ്തു. രോഗത്തെ പ്രതിരോധിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായ അലംഭാവം യോഗത്തിൽ മഹേശ്വരി ചൂണ്ടിക്കാട്ടി. താമസ സൗകര്യം വളരെ അപര്യാപ്തമാണെന്നും ഇതിനാൽ സാമൂഹിക അകലം പാലിക്കുന്നതിൽ വിട്ടുവീഴ്ച സംഭവിച്ചെന്നും തന്മൂലമാണ് രോഗ വ്യാപനം സംഭവിച്ചതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
രാജ്യത്ത് ഇതുവരെ 127 സിആർപിഫ് ജവാന്മാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ മരിച്ചു. ഒരാൾ രോഗ മുക്തനായി.