ബെംഗളൂരു: കര്‍ണാടകയില്‍ പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടിനിടെ ചങ്ങാടം മറിഞ്ഞ് പ്രതിശ്രുത വധൂവരന്‍മാര്‍ മരിച്ചു. ശശികലയും ചന്ദ്രുവുമാണ് തിരുമകുഡലു നരസിപുര താലൂക്കിലെ കാവേരി നദിയില്‍ നടന്ന അപകടത്തില്‍ മരിച്ചത്. നവംബര്‍ 22നായിരുന്നു ശശികലയുടെയും ചന്ദ്രുവിന്‍റെയും വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടെ പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു ഇരുവരും.
കാവേരി നദിയില്‍ ചങ്ങാടത്തില്‍ കയറി ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതിനിടെ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് ചങ്ങാടം മറിയുകയും ശശികല വെള്ളത്തില്‍ വീഴുകയുമായിരുന്നു. ശശികലയെ രക്ഷിക്കാനായി വെള്ളത്തില്‍ ചാടിയ ചന്ദ്രുവും മുങ്ങി മരിക്കുകയായിരുന്നു. ഇരുവര്‍ക്കും നീന്തല്‍ അറിയുമായിരുന്നില്ല. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു. അപ്രതീക്ഷിതമായ മരണത്തിന്‍റെ ആഘാതത്തിലാണ് ഇരുവരുടെയും കുടുംബങ്ങള്‍. തലക്കാട് പൊലീസ് സംഭവസ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു.